തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത പരാജയത്തിന് പിന്നിൽ ശക്തമായ പിണറായി വിരുദ്ധ വികാരമാണെന്ന് സിപിഐ നേതൃയോഗങ്ങളിൽ വിമർശനം. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ശൈലിയും വിവാദ പരാമർശങ്ങളും ജനങ്ങളെ ഭരണമുന്നണിയിൽ നിന്ന് അകറ്റിയെന്ന് സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ പരുക്കൻ പ്രയോഗങ്ങളും, പാർട്ടിയിലെ തിരുത്തൽ ശബ്ദങ്ങളെ അടിച്ചമർത്തുന്ന സമീപനവും ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടാക്കി. എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശനെ വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറാകാതിരുന്നത് ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലേക്ക് ധ്രുവീകരിക്കപ്പെടാൻ കാരണമായി. വെള്ളാപ്പള്ളിയുടെ നിലപാടുകളെ മുഖ്യമന്ത്രി മൗനമായി പിന്തുണച്ചുവെന്നും സിപിഐ കുറ്റപ്പെടുത്തി.

തോൽവിക്ക് കാരണക്കാരനായ പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നത് കൂടുതൽ തിരിച്ചടിയാകും. പുതിയൊരു നേതൃത്വം പ്രതിപക്ഷത്ത് വരണമെന്നാണ് സിപിഐയുടെ നിലപാട്. ഇക്കാര്യം ഇടത് മുന്നണി യോഗങ്ങളിൽ ഔദ്യോഗികമായി അറിയിക്കും. തിരഞ്ഞെടുപ്പ് പരാജയം അപ്രതീക്ഷിതമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. പരാജയകാരണങ്ങൾ പരിശോധിക്കാൻ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. പാർട്ടി അംഗങ്ങൾക്ക് ഭയമില്ലാതെ അഭിപ്രായങ്ങൾ പറയാൻ വേദിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിലെ തിരിച്ചടി ഭരണവിരുദ്ധ തരംഗമല്ലെന്നും മറിച്ച് മുഖ്യമന്ത്രിയുടെ ഭരണശൈലിയോടുള്ള വിയോജിപ്പാണെന്നുമാണ് സിപിഐയുടെ നിഗമനം. ഇത് മുന്നണിക്കുള്ളിൽ വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.