മുഖ്യമന്ത്രിയാര്? നിരീക്ഷകർ ഇന്ന് ഘടകകക്ഷികളെ കാണും; ലീഗ് നേതാക്കൾ തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുടെ അഭിപ്രായം തേടാൻ എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്ത് ചർച്ച നടത്തും. മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവരടങ്ങുന്ന നിരീക്ഷക സംഘം ഇന്ന് വൈകിട്ട് 4:30-ന് ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ചർച്ചകളിൽ പങ്കെടുക്കുന്നതിനായി മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളുടെ ലീഗ് നേതാക്കൾ തലസ്ഥാനത്തേക്ക് പുറപ്പെട്ടു.

വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ മുസ്ലീം ലീഗ് ആദ്യം അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും പിന്നീട് അത് ഹൈക്കമാൻഡിന്റെ തീരുമാനത്തിന് വിട്ടിരുന്നു. എന്നാൽ, വി.ഡി. സതീശന് പരസ്യ പിന്തുണയുമായി മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി രംഗത്തെത്തിയത് ശ്രദ്ധേയമായി. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി. സതീശനെ നിയോഗിച്ച എഐസിസിയുടെ തീരുമാനം ശരിയായിരുന്നുവെന്ന് ഈ വിജയം തെളിയിച്ചതായി ഷാജി പറഞ്ഞു. ഏൽപ്പിച്ച ഉത്തരവാദിത്തം അദ്ദേഹം ഭംഗിയായി പൂർത്തിയാക്കി.

മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ ലീഗ് പുതിയ തർക്കങ്ങൾക്കോ ഡിമാൻഡുകൾക്കോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ യുഡിഎഫ് സർക്കാരിലെ നില തുടരുക എന്നതിനപ്പുറം അനാവശ്യ സമ്മർദ്ദങ്ങൾ ഉണ്ടാക്കില്ല. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങൾ യുഡിഎഫിന് ഗുണകരമാവുകയാണ് ചെയ്തതെന്നും ജനം ലീഗിനൊപ്പം നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ ആർക്കാണെന്ന് നിരീക്ഷകർ നേരിട്ട് വിലയിരുത്തിയ ശേഷം റിപ്പോർട്ട് ഹൈക്കമാൻഡിന് കൈമാറും. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കിടയിൽ സമവായം ഉണ്ടാക്കുക എന്നതാണ് ഹൈക്കമാൻഡിന് മുന്നിലെ പ്രധാന ദൗത്യം.

Leave a Reply

Your email address will not be published. Required fields are marked *