ശബരിമല സ്വർണ്ണക്കൊള്ള: ജാമ്യം തേടി എന്‍. വാസു സുപ്രീം കോടതിയിൽ

ന്യൂ ഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്‌ എന്‍. വാസു സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചതിനാൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കേസിലെ മൂന്നാം പ്രതിയായ വാസു സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി ഈ ആഴ്ച്ച കോടതി പരിഗണിച്ചേക്കും.

ശബരിമല കട്ടിളപ്പാളിയിൽ സ്വർണ്ണം പൊതിഞ്ഞതായി രേഖകളില്ലെന്ന് എൻ വാസു ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദേവസ്വം രേഖകകളിൽ സ്വർണം പൂശിയതായോ പൊതിഞ്ഞതായോ ഇല്ലെന്ന് വാസുവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അങ്ങനെയെങ്കിൽ ഈ കേസ് തന്നെ ഇല്ലല്ലോ എന്നാണ് കോടതി മറുപടി നൽകിയത്. ശബരിമലയിലെ കമ്മീഷണറായിരുന്ന വാസുവിന് അവിടെയുള്ള കാര്യങ്ങളെ കുറിച്ച് ധാരണ ഉണ്ടാകേണ്ടിയിരുന്നുവെന്നും അവിടെ നേരത്തെ സ്വർണം പൂശിയ കാര്യം വാസു അറിഞ്ഞിരിക്കേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു. സ്വർണം പൂശാനുള്ള കത്ത് ദേവസ്വം ബോർഡിലേക്ക് കൈമാറുമ്പോൾ മുൻപ് സ്വർണം പൊതിഞ്ഞതായിരുന്നുവെന്ന് രേഖപ്പെടുത്തേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

2019 മാർച്ച് 19ലെ മുൻ ദേവസ്വം കമ്മീഷണറുടെ ശുപാർശയിൽ സ്വർണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഈ കാലയളവിൽ എൻ. വാസുവായിരുന്നു ദേവസ്വം കമ്മീഷണർ. 2019ൽ ശബരിമല ശ്രീകോവിലിൻ്റെ കട്ടിളപ്പാളികൾ കൊടുത്തുവിട്ടതിൽ എൻ. വാസുവിന് പങ്കുണ്ട് എന്ന കണ്ടെത്തലിലാണ് വാസുവിനെ മൂന്നാം പ്രതിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *