കൊച്ചി:2013ന് മുന്‍പ് വഖ്ഫ് ഭൂമി കൈയേറിയവര്‍ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി വിധി വഖ്ഫ് കൈയേറ്റം ഒഴിപ്പിക്കുന്നതിനോ 2013ന് ശേഷം കൈയേറിയവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിനോ തടസമാകില്ല.
2013ന് ശേഷം വഖഫ് ഭേദഗതി നിയമത്തിലെ സെഷന്‍ 52(എ) പ്രകാരം വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ വഖ്ഫ് സ്വത്ത് അന്യാധീനപ്പെടുത്തിയാല്‍ പിഴ ചുമത്താം.കൂടാതെ വഖഫ് സ്വത്ത് മുന്‍കൂര്‍ അനുമതിയില്ലാതെ അന്യവല്‍ക്കരിക്കുകയോ വാങ്ങുകയോ കൈവശപ്പെടുത്തുകയോ ചെയ്താല്‍ ആ വ്യക്തിക്ക് രണ്ട് വര്‍ഷം വരെ കഠിന തടവിന് ശിക്ഷ ലഭിക്കുകയും ചെയ്യും.ശിക്ഷാര്‍ഹമായ ഏതെങ്കിലും കുറ്റകൃത്യം തിരിച്ചറിഞ്ഞാല്‍ ജാമ്യം ലഭിക്കില്ല.ബോര്‍ഡ് അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയില്‍ മാത്രമേ കേസെടുക്കൂ.ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് താഴെയുള്ളവര്‍ കേസില്‍ വിചാരണ നടത്താന്‍ പാടില്ലെന്നുമാണ് നിലവിലെ നിയമം.
അതിനാല്‍ മുനമ്പത്തടക്കം എത്ര വര്‍ഷം മുന്‍പുള്ള കൈയേറ്റമാണെങ്കിലും ഇവിടത്തെ കൈയേറ്റക്കാര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ സാധ്യമല്ലെങ്കിലും ഇവരെ ഒഴിപ്പിക്കുന്നതിന് നിലവില്‍ നിയമ തടസങ്ങളില്ല.മുനമ്പം വിഷയത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഉത്തരവ് വഖഫ് ബോര്‍ഡിന് കനത്ത തിരിച്ചടിയായണെന്ന രീതിയിലുള്ള പ്രചരണം വസ്തുതാ വിരുദ്ധമാണ്.കാരണം 2013ല്‍ വഖഫ് ആക്ട് ഭേദഗതി വരും മുന്‍പ് കൈയേറിയ ഭൂമിയുടെ പേരില്‍ വ്യക്തികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സാധ്യമല്ലെന്നുള്ള ഹൈക്കോടതി ഉത്തരവ് 2022 മുതല്‍ നിലവിലുള്ളതാണ്.കഴിഞ്ഞ ദിവസം ഇത് ഒന്നുകൂടി ഓര്‍മപ്പെടുത്തുക മാത്രമാണ് ഹൈക്കോടതി ചെയ്തത്.
2022ല്‍ കരിക്കുന്നില്‍ പുതിയപുരയില്‍ ഹാജിറ-കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് കേസില്‍ ഹൈക്കോടതി ജസ്റ്റിസ് കെ.ഹരിപാലിന്റെ ഉത്തരവായിരുന്നു അന്നത്തേത്..2013ലാണ് വഖഫ് നിയമത്തില്‍ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്തി പ്രോസിക്യൂഷന് അനുമതി നല്‍കുന്ന വിധം ഭേദഗതി വന്നതിനാല്‍ അതിന് മുന്‍പുള്ള കൈയേറ്റമായതിനാല്‍ ഹരജിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് കോടതി അന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന് ശേഷം വഖഫ് ബോര്‍ഡ് 2013ന് മുന്‍പുള്ള പഴയ കൈയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമ്പോഴും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല.
2013ന് മുന്‍പ് വഖ്ഫ് ഭൂമി കൈയേറിയവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി സാധ്യമല്ലെന്ന വിധി വഖ്ഫ് കൈയേറ്റം ഒഴിപ്പിക്കുന്നതിന് തടസമാകില്ലന്ന് വഖഫ് ബോർഡ്
