കൊച്ചി: ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്ന് പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ്.ഷേര്‍ല ബീഗത്തെ അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍ ഹാജരാക്കി.ജസ്റ്റിസ് പി.വി കുഞ്ഞിക്യഷ്ണനാണ് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.പത്തനംതിട്ട നഗരസഭാ പരിധിയിലെ കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. ഈ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കോന്നി അട്ടച്ചാക്കല്‍ സ്വദേശിനി സുമദേവി, അസറ്റ് ഹോംസ് എം.ഡി വി.സുനില്‍ കുമാര്‍ എന്നിവരാണ് കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തത്.കോടതിയ ലക്ഷ്യ ഹരജിയില്‍ മാര്‍ച്ച് 14ന് സെക്രട്ടറിയോട് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.ഉത്തരവ് നടപ്പാക്കിയാല്‍ ഇതിന്റെ ആവശ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഉത്തരവ് നടപ്പാക്കുകയോ കോടതിയില്‍ ഹാജരാകുകയോ ചെയ്യാത്തതിനാല്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടു.പത്തനംതിട്ട ജില്ല പൊലിസ് മേധാവിക്കായിരുന്നു ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്.എട്ടുമാസം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്ന് കോടതി വിലയിരുത്തിയായിരുന്നു നടപടി.തുടര്‍ന്നാണ് ഇന്ന് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍ ഹാജരാക്കിയത്. കോടതിയില്‍ നിന്നും ഉത്തരവുണ്ടായാല്‍ അതിന് നിയമപരമായ മാര്‍ഗം തേടണം. ഇതിനായി പുനപരിശോധന ഹരജിയോ അപ്പീലോ മറ്റ് നടപടികളോ സ്വീകരിക്കാം. അല്ലാതെ ഉത്തരവ് നടപ്പാക്കാതിരുന്നാല്‍ ബന്ധപ്പെട്ടവരെ ജയിലിലേക്കയക്കുകയാണ് അടുത്ത നടപടിയെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഇനി ഇത്തരത്തിലുള്ള വീഴ്ച സംഭവിക്കില്ലെന്ന് സെക്രട്ടറിയും കോടതിയെ അറിയിച്ചു. മുന്‍ ഉത്തരവ് നടപ്പാക്കാമെന്ന് സെക്രട്ടറി കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി.
കോടതി ഉത്തരവ് പാലിച്ചില്ല; നഗരസഭാ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍ ഹാജരാക്കി
