കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പൊലിസ് പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്നും എന്നാലത് കാരണക്കാരിയായ പൊലിസ് ഉദ്യോഗസ്ഥയില്‍ നിന്ന് തന്നെ ഈടാക്കാനനുവദിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍.പൊലിസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
എട്ട് വയസുകാരി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പൊലിസിന് വീഴ്ചപറ്റിയിട്ടുണ്ടെന്നും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ആദ്യം തയാറകണമെന്നും വാദത്തിനിടെ ഡിവിഷന്‍ ബഞ്ച് വാക്കാല്‍ നിര്‍ദേശിച്ചു.നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് ഡിവിഷന്‍ബഞ്ച് പരിഗണിച്ചത്.നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് സര്‍ക്കാരിന്റെ വാദം. പൊലിസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്നും സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ആവശ്യം.പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത എട്ടുവയസുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഇക്കഴിഞ്ഞ ഡിസംബര്‍ 22 നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.ഹരജി മധ്യവേനല്‍ അവധിക്ക് ശേഷം പരിഗണിക്കാന്‍ കോടതി മാറ്റി.
പിങ്ക് പൊലിസ്: നഷ്ടപരിഹാരം പൊലിസുകാരിയില്‍ നിന്ന്ഈടാക്കാനനുവദിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
