ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ബാര്‍കൗണ്‍സിലില്‍ നടിയുടെ പരാതി

കൊച്ചി: തന്നെ അക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന് വേണ്ടി അഭിഭാഷകര്‍ നടത്തിക്കൊണ്ടിരിക്കുന്നത് തികച്ചും നിയമവിരുദ്ധമായ പ്രവര്‍ത്തികളാണെന്ന് ആരോപിച്ച് അക്രമിക്കപ്പെട്ട നടി ബാര്‍കൗണ്‍സിലില്‍ പരാതി നല്‍കി. ദിലീപിന്റെ അഭിഭാഷകരായ ബി.രാമന്‍പിള്ള, ഫിലിപ്പ് ടി. വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരേ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്നാണാവശ്യം.
കേസിന്റ വിചചാരണ ആരംഭിച്ചതു മുതല്‍ അഭിഭാഷക വൃത്തിക്ക് നിരക്കാത്ത രീതിയിലാണ് അഭിഭാഷകര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്.കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയായ ജിന്‍സണ്‍ എന്നയാളെ സ്വാധീനിക്കുന്നതിനായി ഇയാളുമായി ബന്ധമുള്ള നാസര്‍ എന്നയാളെ അഡ്വ.രാമന്‍പിള്ള നേരിട്ടും ഫോണ്‍ മുഖേനയും ബന്ധപ്പെട്ടു.കൂടാതെ ജിന്‍സണ് 25 ലക്ഷം രൂപയും 5 സെന്റ് വസ്തുവും വാഗ്ദാനം നല്‍കി.ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിന് അഡ്വ.രാമന്‍പിള്ളക്ക് പൊലിസ് നോട്ടിസ് നല്‍കിയെങ്കിലും അദ്ദേഹം അഭിഭാഷക സംഘടനകളെ മുന്നില്‍ നിര്‍ത്തി ശ്രമം നടത്തി.
കൂടാതെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ മുംബൈയിലെ സ്വകാര്യലാബുകളില്‍ കൊണ്ടുപോയി തെളിവുകള്‍ നശിപ്പിക്കുന്നതിന് എല്ലാവിധ സഹായങ്ങളും ചെയ്തു നല്‍കിയത് ഈ അഭിഭാഷകന്റെ നേതൃത്വത്തിലാണ്.കൂടാതെ ആലപ്പുഴ സ്വദേശി സാഗര്‍ വിന്‍സെന്റ് എന്നയാളെ സ്വാധീനിക്കുന്നതിനായി അഡ്വ.ഫിലിപ്പ് ടി.വര്‍ഗീസ് 5 ലക്ഷം രൂപ സാഗറിന് നല്‍കിയെന്ന് സൂചിപ്പിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്് വന്നു. ദിലീപിന്റെ വാച്ച്മാനായിരുന്ന ദാസനെ ഈ കേസന്വേഷണത്തിന്റെ ഭാഗമായി പൊലിസ് വിളിപ്പിക്കുമെന്നറിഞ്ഞപ്പോള്‍ പ്രതിക്കനുകൂലമായി സത്യവിരുദ്ധമായി മൊഴി നല്‍കണമെന്ന് അഡ്വ.രാമന്‍പിള്ളയും ഫിലിപ്പും നിര്‍ദേശിച്ചു.അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതി പള്‍സര്‍ സുനി 2018ല്‍ ജയിലില്‍ കിടന്നപ്പോള്‍ ദിലീപിന് നല്‍കാനുള്ള കത്ത് സജിത്ത് എന്നയാള്‍ വഴി അഡ്വ.രാമന്‍പിള്ളയുടെ ഓഫിസിലെത്തിച്ച് അദ്ദേഹത്തിന് കൈമാറി.ഇത്തരത്തില്‍ തന്നെ ആക്രമിച്ച കേസില്‍ 20 ഓളം പ്രോസിക്യൂഷന്‍ സാക്ഷികളെ മൊഴിമാറ്റുന്നതിന് വേണ്ടി മേല്‍പ്പറഞ്ഞ അഭിഭാഷകര്‍ നിയമവിരുദ്ധമായി സ്വാധീനം ചെലുത്തിയിരിക്കെ ഇവര്‍ക്കെതിരേ ബാര്‍കൗണ്‍സില്‍ വിശദമായ അന്വേഷണം നടത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് നടിയുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *