ന്യൂഡൽഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നിലവിലെ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു. ഇതോടെ കെ. സുധാകരൻ, അടൂർ പ്രകാശ് എന്നിവർക്ക് നിയമസഭാ സീറ്റുണ്ടാകില്ലെന്ന് ഉറപ്പായി. സംസ്ഥാന നേതൃത്വത്തിന്റെ ഈ ശുപാർശ കേന്ദ്ര നേതൃത്വം അംഗീകരിക്കാനാണ് സാധ്യത.
സീറ്റ് നിഷേധിക്കപ്പെട്ടതിൽ അതൃപ്തിയുള്ള കെ. സുധാകരൻ ഡൽഹിയിലെത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുമായും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും. എംപിമാരുടെ മണ്ഡലങ്ങളിൽ അവരുടെ താല്പര്യങ്ങൾ കൂടി പരിഗണിച്ചാകും പുതിയ സ്ഥാനാർത്ഥികളെ നിശ്ചയിക്കുക.
സുധാകരന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ അനുകൂലികൾ ഫ്ലെക്സുകൾ സ്ഥാപിച്ചു. “പിണറായി സർക്കാരിനെ താഴെയിറക്കാൻ പടനായകൻ വരുന്നു” എന്നാണ് അനുനായികളുടെ വാദം. ഇന്ന് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.
