എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ വെള്ളാപ്പള്ളി നടേശൻ അപ്പീൽ നൽകി

കൊച്ചി: ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് വെള്ളാപ്പള്ളി നടേശൻ ഡിവിഷൻ ബെഞ്ചിനു മുമ്പാകെ അപ്പീൽ സമർപ്പിച്ചു. അയോഗ്യത നിലനിൽക്കില്ലെന്നാണ് പ്രധാന വാദം.തുടർച്ചയായ മൂന്ന് വർഷം റിട്ടേണുകൾ സമർപ്പിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് സിംഗിൾ ബെഞ്ച് അയോഗ്യത കൽപ്പിച്ചത്. എന്നാൽ, ഇതിൽ തെറ്റുണ്ടെന്നും, കമ്പനി നിയമത്തിലെ സെക്ഷൻ 164(2) പ്രകാരം തുടർച്ചയായ മൂന്ന് വർഷത്തെ ലംഘനം മാത്രമേ അയോഗ്യതയ്ക്ക് കാരണമാകൂ എന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.കൂടാതെ, സ്റ്റേ ചെയ്ത നിയമത്തെ അടിസ്ഥാനമാക്കിയാണ് വിധി വന്നതെന്നും, കേന്ദ്ര സർക്കാർ നൽകിയ DIN നമ്പറുകൾ ഹാജരാക്കിയിരുന്നുവെന്നും, സംസ്ഥാന സർക്കാർ DIN നിയമം രൂപീകരിച്ചിട്ടില്ലെന്നും വാദിക്കുന്നു. എസ്‌എൻഡിപി യോഗം സംസ്ഥാനത്തിനു പുറത്തും പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നും, ഡയറക്ടർമാരെ അയോഗ്യരാക്കാൻ ദേശീയ കമ്പനി ട്രിബ്യൂണലിനു മാത്രമേ അധികാരമുള്ളൂവെന്നും അപ്പീലിൽ പറയുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ജസ്റ്റിസ് ടി.ആർ. രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയ ബോർഡ് അംഗങ്ങളെ അയോഗ്യരാക്കിയത്. കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനമായ എസ്‌എൻഡിപി യോഗം കഴിഞ്ഞ 9 വർഷമായി വാർഷിക റിട്ടേണുകൾ സമർപ്പിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. താത്കാലിക ഡയറക്ടർമാരെ നിയമിച്ച് ഭരണം നടത്താൻ സർക്കാറിന് കോടതി നിർദേശം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *