ഗൾഫിൽ ഭീതി പടർത്തി ഇറാന്റെ ഡ്രോൺ ആക്രമണം; യുഎഇയിലും സൗദിയിലും കനത്ത പ്രത്യാക്രമണം

അബുദാബി: ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ പതിനെട്ടാം ദിവസവും തുടരുന്നു. ഇന്ന് പുലർച്ചെ യുഎഇയിലെ അബുദാബിയിലുള്ള ഷാഹ് ഓയിൽ ഫീൽഡിന് നേരെ ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തെത്തുടർന്ന് എണ്ണപ്പാടത്ത് തീപിടിത്തമുണ്ടായെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. യുഎഇ പ്രതിരോധ സംവിധാനങ്ങൾ ആക്രമണത്തെ വിജയകരമായി ചെറുത്തതായി ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എത്തിയ 37 ഡ്രോണുകൾ സൗദി പ്രതിരോധ മന്ത്രാലയം വെടിവെച്ചിട്ടു. കിഴക്കൻ പ്രവിശ്യയിലും ഖർജിലുമാണ് പ്രധാനമായും ആക്രമണശ്രമങ്ങൾ നടന്നത്. സുരക്ഷാ പരിശോധനയ്ക്കിടെ 16 ഹിസ്ബുള്ള ഭീകരരെ കുവൈറ്റ് അധികൃതർ പിടികൂടി. മേഖലയിലെ നാവിക ഗതാഗതം സുഗമമാക്കാൻ യുദ്ധക്കപ്പലുകൾ അയക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തോട് സഖ്യകക്ഷികൾ തണുത്ത പ്രതികരണമാണ് നൽകുന്നത്.

ഹോർമൂസ് കടലിടുക്കിലെ നാവിക വിന്യാസത്തിന് സഹായിക്കാത്ത രാജ്യങ്ങൾക്ക് നാറ്റോയിൽ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. “സഹായിക്കാത്തവരെ ഓർത്തു വെക്കും” എന്ന കർശന നിലപാടിലാണ് അദ്ദേഹം. ഇതേത്തുടർന്ന് ഈ മാസം അവസാനം നിശ്ചയിച്ചിരുന്ന ചൈന സന്ദർശനം ട്രംപ് മാറ്റിവെച്ചേക്കും. ചൈനയുടെ ഔദ്യോഗിക പ്രതികരണം ലഭിച്ച ശേഷമേ സന്ദർശന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *