ശബരിമല: കഴിഞ്ഞദിവസം ശബരിമലയിലുണ്ടായ അഭൂതപൂർവമായ തിരക്ക് പോലീസ് മനഃപൂർവം ഉണ്ടാക്കിയതാണെന്ന് ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണന്റെ റിപ്പോർട്ട്. ബുക്കിങ്ങില്ലാതെ തീർഥാടകരെ കടത്തിവിട്ടതിന് ഹൈക്കോടതി പോലീസിനോട് വീശദീകരണം തേടി. സീസണിലെ 41 ദിവസം കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് കടന്നുപോയത്. മകരവിളക്കിനായി നടതുറന്നതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്.
തീർഥാടകർ കൂട്ടമായി പമ്പയിലെത്തി. അവിടെനിന്ന് ഒരു നിയന്ത്രണവുമില്ലാതെ സന്നിധാനത്തിലേക്ക് പോലീസ് കയറ്റിവിട്ടു. ഇത് ഗുരുതരമായ സുരക്ഷാവീഴ്ചയായി ചൂണ്ടിക്കാണിച്ചാണ് റിപ്പോർട്ട് നൽകിയത്. എന്തെങ്കിലും ദുരന്തം സംഭവിച്ചാൽ പൂർണ ഉത്തരവാദിത്വം ദേവസ്വംബോർഡിലും പോലീസിനുമായിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
നിലയ്ക്കലിൽ സ്‌പോട് ബുക്കിങ്ങിനായെത്തിയ തീർഥാടകരോട് പമ്പയിൽ ചെല്ലാൻ പോലീസ് ആവശ്യപ്പെട്ടു. പമ്പയിൽ സ്പോട് ബുക്കിങ് ഇല്ലാത്ത സാഹചര്യത്തിൽ ഇത് പ്രതിസന്ധിയുണ്ടാക്കുകയായിരുന്നു.
