പൂനെ: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. 7-ന് രാത്രി പൂനെയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ പരിസ്ഥിതി നയങ്ങൾ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു. പ്രശസ്ത മൺസൂൺ ശാസ്ത്രജ്ഞയായിരുന്ന അന്തരിച്ച സുലോചന ഗാഡ്ഗിൽ ആണ് ഭാര്യ.
2010-ൽ രൂപീകരിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ (ഗാഡ്ഗിൽ കമ്മിഷൻ) അധ്യക്ഷൻ എന്ന നിലയിലാണ് അദ്ദേഹം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടത്. പശ്ചിമഘട്ടത്തിലെ അനിയന്ത്രിതമായ വികസനം വലിയ പ്രകൃതിദുരന്തങ്ങൾക്ക് കാരണമാകുമെന്ന് 2011-ലെ അദ്ദേഹത്തിന്റെ റിപ്പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പിൽക്കാലത്തുണ്ടായ പ്രളയങ്ങളും ഉരുൾപൊട്ടലുകളും ഈ റിപ്പോർട്ടിലെ കണ്ടെത്തലുകളെ വീണ്ടും ചർച്ചാവിഷയമാക്കി. പശ്ചിമഘട്ടത്തിന്റെ വലിയൊരു ഭാഗം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന അദ്ദേഹത്തിന്റെ ശുപാർശ വലിയ രാഷ്ട്രീയ-ജനകീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസ് സ്ഥാപിച്ചത് അദ്ദേഹമാണ്. ഭാരത സർക്കാരിന്റെ ജൈവവൈവിധ്യ നിയമം (2002) രൂപപ്പെടുത്തുന്നതിലും പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ജനകീയ ജൈവവൈവിധ്യ രജിസ്റ്ററുകൾ തയ്യാറാക്കുന്നതിലും അദ്ദേഹം മുഖ്യ പങ്കുവഹിച്ചു. രാജ്യം അദ്ദേഹത്തെ പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. 2024-ൽ ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരമായ ‘ചാമ്പ്യൻസ് ഓഫ് ദി എർത്ത്’ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു. 2023-ൽ പുറത്തിറങ്ങിയ ‘എ വാക്ക് അപ്പ് ദി ഹിൽ: ലിവിംഗ് വിത്ത് പീപ്പിൾ ആൻഡ് നേച്ചർ’ അദ്ദേഹത്തിന്റെ ആത്മകഥയാണ്
