സിറോ മലബാർ സഭ ആസ്ഥാനത്ത് പ്രതിപക്ഷ നേതാവുമായി രഹസ്യ കൂടികാഴ്ച്ച, എത്തിയത് ഔദ്യോഗിക വാഹനം ഒഴിവാക്കി

കൊച്ചി: സഭയുടെ ഏറ്റവും നിർണ്ണായകമായ സിനഡ് യോഗം പുരോഗമിക്കുന്നതിനിടെ കൊച്ചി കാക്കനാടുള്ള സിറോ മലബാർ സഭ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിലെത്തി സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഔദ്യോഗിക വാഹനങ്ങളും സുരക്ഷാ അകമ്പടിയും ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് വി.ഡി. സതീശൻ സഭ ആസ്ഥാനത്ത് എത്തിയത്. ഇന്നലെ രാത്രി ഏകദേശം ഒൻപതേകാലോടെ എത്തിയ അദ്ദേഹം ഒരു മണിക്കൂറിലധികം സഭാ നേതാക്കളുമായി ചർച്ച നടത്തി.

ഏകദേശം അമ്പതോളം ബിഷപ്പുമാർ പങ്കെടുക്കുന്ന സിനഡിനിടയിൽ പ്രതിപക്ഷ നേതാവ് എത്തിയത് ഏറെ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. മേജർ ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, അവിടെ നടന്ന അത്താഴവിരുന്നിലും പങ്കെടുത്ത ശേഷമാണ് പത്തരയോടെ മടങ്ങിയത്.

തിരഞ്ഞെടുപ്പ് പശ്ചാത്തലവും രാഷ്ട്രീയ പ്രാധാന്യവും തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ മുന്നേറ്റത്തിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. മുൻ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിലേക്കും എൻഡിഎയിലേക്കും വിഘടിച്ചുപോയ ക്രിസ്ത്യൻ വോട്ടുകൾ തിരിച്ചെത്തിയെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മധ്യകേരളത്തിൽ നിന്നുള്ള വിജയം ഉറപ്പാക്കാൻ ക്രൈസ്തവ വോട്ടുകൾ നിർണ്ണായകമാണെന്നിരിക്കെ, സഭാ നേതൃത്വവുമായുള്ള ഈ ബന്ധം പുതുക്കൽ യുഡിഎഫിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *