കൊച്ചി: ബലാത്സംഗം, ഭ്രൂണഹത്യ കേസുകളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആദ്യ കേസിലെ മുൻകൂർ ജാമ്യാപേക്ഷ മൂന്നാം തവണയാണ് ഹൈക്കോടതിയുടെ മുൻപിൽ എത്തുന്നത്. ഒരു തവണ അറസ്റ്റ് തടയുകയും രണ്ടാമത്തെ തവണ പരിഗണിച്ചപ്പോൾ അറസ്റ്റ് തടഞ്ഞ നടപടി നീട്ടി നൽകുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകി. തന്റെ ഭാഗംകൂടി കേട്ടശേഷം മാത്രമേ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാവൂ എന്നാണ് അതിജീവിതയുടെ ആവശ്യം. ഇന്നലെയാണ് അതിജീവിത റിട്ട് ഹർജി സമർപ്പിച്ചത്. സമാനതകളില്ലാത്ത സൈബർ ആക്രമണം നേരിടുന്നുണ്ടെന്ന് അതിജീവിത പറയുന്നു. രാഹുലിന് ജാമ്യം നൽകിയാൽ തന്റെ ജീവനടക്കം പ്രശ്നം ഉണ്ടാകുമെന്ന് അതിജീവിത പറയുന്നു.
ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരിയുടെ ഭർത്താവ് ആവശ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.
