അമരാവതി: ഐഎസ്ആര്‍ഒയുടെ അഭിമാനമായ പിഎസ്എല്‍വി പുതിയ ദൗത്യത്തിന് ഒരുങ്ങുന്നു. ഭൗമനിരീക്ഷണ ഉപഗ്രഹമായ അന്വേഷ ഉള്‍പ്പെടെ 19 പേലോഡുകളെയും വഹിച്ചാണ് പിഎസ്എല്‍വി സി62 കുതിച്ചുയരുക. ഇന്ത്യന്‍ ഉപഗ്രഹം അന്വേഷയെ ഭ്രമണപഥത്തിലെത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ മുഖ്യലക്ഷ്യം. ഈ മാസം 12ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം.
കൃഷി, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ വിദൂരസംവേദനം, മാപ്പിങ്, ദേശീയ സുരക്ഷ തുടങ്ങിയവയെ ശക്തിപ്പെടുത്താനായി തദ്ദേശീയമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ. കൂടാതെ സ്വകാര്യ കമ്പനികളുടേതുള്‍പ്പെടെ പതിനെട്ട് ചെറു പേലോഡുകളേയും പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കും. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ബിറ്റ്എയിഡ് എയ്റോസ്പേസിന്റെ ആയുള്‍സാറ്റ്, ഇന്തോ-മൗറീഷ്യസ് ജോയിന്റ് സാറ്റലൈറ്റ്, സ്പെയിനില്‍ നിന്നുള്ള കിഡ് തുടങ്ങിയവയെയാണ് പിഎസ്എല്‍വി വഹിക്കുക.
അതീവ ശ്രദ്ധയോടെയാണ് ഐഎസ്ആര്‍ഒ തിങ്കളാഴ്ചത്തെ ദൗത്യത്തെ നോക്കിക്കാണുന്നത്. ചെറു-ഇടത്തരം ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് ലോകത്തിലെ ഏറ്റവും വിശ്വാസയോഗ്യമായ റോക്കറ്റ് പിഎസ്എല്‍വി തന്നെയെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുക എന്നതാണ് ലക്ഷ്യം ഒപ്പം വളരെ വേഗം വളരുന്ന സ്വകാര്യ-വിദേശ ബഹിരാകാശ പദ്ധതികളില്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുക എന്നതും.
