കൊച്ചി: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് എതിരായ സര്‍ക്കാര്‍ അപ്പീലിന്മേല്‍ ഉടന്‍ തീരുമാനമില്ല. ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാനായി കോടതി ഹര്‍ജി മാറ്റി. അതേസമയം, ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീലില്‍ ഹൈക്കോടതി രാഹുലിന് നോട്ടിസ് അയച്ചു. രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് വിജു ഏബ്രഹാമിന്റെ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. ഈ കേസില്‍ ഡിസംബര്‍ 10നാണ് ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. രാഹുല്‍ എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായി ഒപ്പിടണമെന്ന് ഉപാധികളില്‍ ഉണ്ട്.
ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി മുമ്പാകെയുള്ളത്. ഹോം സ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നു കാട്ടി 23കാരി കെപിസിസി നേതൃത്വത്തിന് നല്‍കിയ പരാതി പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് കേസെടുക്കുകയായിരുന്നു. എന്നാല്‍ യുവതിയുടെ പരാതിയിലും മൊഴിയിലും വൈരുധ്യമുണ്ടെന്നതും, പരാതി നല്‍കുന്നതിലെ കാലതാമസവും ചൂണ്ടിക്കാട്ടി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. ബലാത്സംഗം ആണെന്ന് ആരോപിക്കാന്‍ മതിയായ തെളിവില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. രാഹുലിന്റെ ജാമ്യം റദ്ദാക്കണം, കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. തുടര്‍ന്ന് നോട്ടിസ് അയച്ച് വാദം കേള്‍ക്കാനായി കേസ് മാറ്റുകയായിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന മറ്റൊരു കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സെഷന്‍സ് കോടതി വിധിക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി മുമ്പാകെയുണ്ട്. ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ച് ഇത് ഉച്ചയോടെ പരിഗണിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ഈ കേസില്‍ രാഹുലിനെ തല്‍ക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു.
