സൂരജ് ലാമയുടെ തിരോധാനം: ഡിഎൻഎ ഫലം വൈകും

കളമശേരി: കളമശേരി എച്ച്‌എംടി കമ്പനിക്കുസമീപത്തുനിന്ന്‌ കണ്ടെത്തിയ അഴുകിയ പുരുഷമൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് കാണാതായ സൂരജ് ലാമയുടേതാണോ എന്നറിയാനുള്ള ഡിഎൻഎ പരിശോധനാഫലം വൈകും.

പരിശോധനയ്ക്ക് മൃതദേഹ സാമ്പിൾ വീണ്ടുമയക്കാൻ ഹൈദരാബാദിലെ സെൻട്രൽ ലാബിൽ നിന്ന് ആവശ്യപ്പെട്ടതായി കളമശേരി ഇൻസ്പെക്ടർ ടി ദിലീഷ് പറഞ്ഞു. സാന്പിൾ ഉടൻ അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് ഫലം വൈകുമെന്ന് ഉറപ്പായത്.

​കളമശേരി എച്ച്എംടി കമ്പനിക്കു സമീപം നവംബർ 30ന് രാവിലെ 10ഓടെ പ്രത്യേക ദൗത്യസംഘം നടത്തിയ പരിശോധനയിൽ അഴുകിയനിലയിൽ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് ലാമയുടെ മകൻ സന്ദൻ ലാമയും ബന്ധുക്കളും കളമശേരിയിലെത്തി. അഴുകിയതിനാൽ ഇവർക്ക് മൃതദേഹം തിരിച്ചറിയാനായില്ല. തുടർന്നാണ് ഇവരിൽനിന്ന് സാമ്പിൾ ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്ക് പൊലീസ് തയ്യാറായത്.

​കുവൈറ്റിൽ മദ്യദുരന്തത്തിന് ഇരയായി ഓർമ നഷ്ടപ്പെട്ട സൂരജ് ലാമയെ അധികൃതർ ഇന്ത്യയിലേക്ക് വിമാനം കയറ്റിവിടുകയും നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് കാണാതാകുകയുമായിരുന്നു. മകൻ സന്ദൻ ലാമ ഹേബിയസ് കോർപ്പസ് നൽകിയതോടെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചു. തുടർന്ന് രൂപീകരിച്ച സംഘമാണ് കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *