‘കേരളത്തില്‍ വളര്‍ച്ച ബിജെപിക്ക് മാത്രം’: വോട്ടുവിഹിത കണക്ക് ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തില്‍ വളരുന്ന ഒരേയൊരു രാഷ്ട്രീയ ശക്തി ബിജെപിയാണെന്ന് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടത്തും എന്‍ഡിഎയുടെ വോട്ടുവിഹിതം വര്‍ദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് രാജീവ് ചന്ദ്രശേഖറിന്റെ അവകാശവാദം. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ എന്‍ഡിഎയുടെ വോട്ടുവിഹിതം 2020നെ അപേക്ഷിച്ച് ഇരട്ടിയിലധികമായെന്ന് സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ വിശദീകരിക്കുന്നു. ഇത് ഒറ്റപ്പെട്ട പ്രവണതയല്ലെന്നും അദ്ദേഹം കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

‘കണക്കുകള്‍ കള്ളം പറയില്ല. കോട്ടയത്തെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം ഇരട്ടിയിലധികമായി- 2020 ലെ 11.4 ശതമാനത്തില്‍ നിന്ന് 2025 ല്‍ 26.9 ശതമാനം ആയി. വെറും 5 വര്‍ഷത്തിനുള്ളില്‍ 15.5 ശതമാനം വര്‍ദ്ധന. ഇത് ഒറ്റപ്പെട്ട പ്രവണതയല്ല. ഞാന്‍ സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്നത് ഈ കണക്ക് സ്ഥിരീകരിക്കുന്നു: കേരളത്തില്‍ വളരുന്ന ഒരേയൊരു രാഷ്ട്രീയ ശക്തി ബിജെപിയാണ്.

അഴിമതി, വിവാദം, സിപിഎം കോണ്‍ഗ്രസ് സ്തംഭനാവസ്ഥ എന്ന രാഷ്ട്രീയത്തില്‍ നിന്ന് മാറി വികസനം, ഉത്തരവാദിത്ത ഭരണം എന്നിവയെക്കുറിച്ചുള്ള ബിജെപി/എന്‍ഡിഎയുടെ കാഴ്ചപ്പാടിലേക്ക് മലയാളികള്‍ നീങ്ങുകയാണ്. ദിശ വ്യക്തമാണ്. മാറ്റം ആരംഭിച്ചു’- എന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *