എൽഡിഎഫ് ചരിത്ര വിജയം നേടും; കുടുംബസമേതമെത്തി വോട്ട് ചെയ്ത് പിണറായി വിജയൻ

കണ്ണൂര്‍: പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കൽ ജൂനിയര്‍ ബേസിക് സ്കൂളില്‍ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ എൽഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് നേരിട്ടത്. രണ്ടു ഘട്ടങ്ങളിലെയും തെരഞ്ഞെടുപ്പ് ഇന്നത്തോടെ പൂര്‍ത്തിയാവുകയാണ്. എൽഡിഎഫിന് വലിയതോതിലുള്ള പിന്തുണ ജനങ്ങളിൽ നിന്നും ലഭിക്കുന്നുവെന്നതാണ് പ്രചാരണത്തിലൂടെ വ്യക്തമായത്. അത് എൽഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയാണുള്ളത്. യുഡിഎഫിന്‍റെ മേഖലയിലടക്കം എൽഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മികവാര്‍ന്ന വിജയത്തിലേക്ക് എൽഡിഎഫ് കുതിക്കുന്ന കാഴ്ചയായിരിക്കും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുക. ശബരിമലയുടെ കാര്യത്തിൽ നടക്കാൻ പാടില്ലാത്തത് നടന്നുവെന്നത് വസ്തുതയാണ്. അതിൽ കര്‍ശന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഈ സര്‍ക്കാര്‍ അല്ലായിരുന്നെങ്കിൽ ഇത്തരമൊരു നടപടിയുണ്ടാകില്ലെന്ന് വിശ്വാസികള്‍ക്കടക്കം വ്യക്തമായി. വിശ്വാസികള്‍ക്ക് അടക്കം ഇക്കാര്യത്തിൽ സര്‍ക്കാരിന് പിന്തുണ നൽകുന്നുണ്ട്. എന്നാൽ, യുഡ‍ിഎഫും ബിജെപിയും സര്‍ക്കാരിനെതിരായ ആയുധമാക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം പൊതുജനങ്ങള്‍ തള്ളിയ സംഘടനയാണ്. മുസ്ലിം പൊതുജനങ്ങളെ യുഡിഎഫിന് അനുകൂലമാക്കുന്നതിനാണ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയതെങ്കിൽ അതൊന്നും ഈ തെരഞ്ഞെടുപ്പിൽ യഥാര്‍ഥ്യമാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *