തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ആദ്യ ഘട്ടത്തിൽ തെക്കൻ കേരളത്തിലെ ഏഴ് ജില്ലകൾ വിധിയെഴുതിയിരുന്നു. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാകും.
അതിനിടെ പാലക്കാട് നെല്ലായ പട്ടിശ്ശേരി വാർഡിൽ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. അര മണിക്കൂർ വോട്ടിങ് തടസപ്പെട്ടു. മെഷീൻ മാറ്റിയതിന് ശേഷമാണ് വോട്ടിങ് പുനഃസ്ഥാപിച്ചത്. പാലക്കാട് വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാർഡിൽ 15 മിനിറ്റോളം വോട്ടിംഗ് തടസ്സപ്പെട്ടു. മെഷീൻ മാറ്റി സ്ഥാപിച്ചു. മനിശ്ശേരി കുന്നുംപുറം ബൂത്തിലാണ് തടസ്സം നേരിട്ടത്.
