ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ചു, ഉപഭോക്താവിന് 1,71,908 രൂപ നഷ്ടപരിഹാരം നല്‍കണം

കൊച്ചി: രണ്ട് വയസ് ഉണ്ടായിരുന്നപ്പോള്‍ സര്‍ജറി നടത്തി എന്ന കാരണം പറഞ്ഞ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ചതിലൂടെ സേവനത്തില്‍ വീഴ്ച വരുത്തുകയും, ആധാര്‍മിക വ്യാപാര രീതി പിന്തുടരുകയും ചെയ്ത മണിപ്പാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി, ഉപഭോക്താവിന് 1,71,908 നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ആലുവ സ്വദേശിയായ എം.എസ്. പ്രതാപ്, മണിപ്പാല്‍ സിഗ്‌ന ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 2023 ജൂലൈ മുതല്‍ 2024 ജൂലൈ വരെയുള്ള കാലയളവിലേക്ക് പരാതിക്കാരന്‍ മണിപ്പാല്‍ സിഗ്‌നയില്‍ നിന്ന് പ്രോ-ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു. പോളിസിയില്‍ അദ്ദേഹത്തിന്റെ മകനും ഉള്‍പ്പെട്ടിരുന്നു. 2024 മെയ് മാസം പരാതിക്കാരന്റെ മകനെ ബൈലാറ്ററല്‍ ഇഡിയോപ്പതിക് ജെനു വാല്‍ഗം കാല്‍ മുട്ടുകള്‍ കൂട്ടി മുട്ടുന്ന അവസ്ഥ എന്ന അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കായി 1,41,908 രൂപ ചെലവായി. ക്ലെയിം സമര്‍പ്പിച്ചെങ്കിലും ഇന്‍ഷുറന്‍സ് കമ്പനി അത് നിരസിച്ചു. മകന് 2 വയസ്സുള്ളപ്പോള്‍ സര്‍ജറി നടത്തി എന്ന വിവരം പ്രൊപ്പോസല്‍ ഫോമില്‍ വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലെയിം നിഷേധിച്ചത്. എന്നാല്‍, ഇന്‍ഷുറന്‍സ് കമ്പനി തങ്ങളുടെ വാദങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ ഒരു രേഖയും ഹാജരാക്കിയില്ലെന്ന് കോടതി കണ്ടെത്തി. ചികിത്സാ ചെലവായ 1,41,908 ഉപഭോക്താവിന് തിരികെ നല്‍കാനും സേവനത്തിലെ വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി 25,000 രൂപയും കോടതിച്ചെലവായി 5,000 രൂപയും ഉള്‍പ്പെടെ 171,908/ രൂപ 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍ ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് എതിര്‍കക്ഷികള്‍ക്ക് ഉത്തരവ് നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടി.ജെ ലക്ഷ്മണ അയ്യര്‍ കോടതിയില്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *