ട്രസ്റ്റ് റൂള്‍ ഭേദഗതി: പി.എഫ് പെന്‍ഷന്‍ അപേക്ഷകള്‍ തള്ളിയത് പുനഃപരിശോധിക്കണമെന്ന് ഹൈകോടതി

# ട്രസ്റ്റ് റൂള്‍ ഭേദഗതി: പി.എഫ് പെന്‍ഷന്‍ അപേക്ഷകള്‍ തള്ളിയത് പുനഃപരിശോധിക്കണമെന്ന് ഹൈകോടതി

കൊച്ചി: ഉയര്‍ന്ന പി.എഫ് പെന്‍ഷന് വേണ്ടിയുള്ള അപേക്ഷകള്‍ തള്ളിയത് പുനഃപരിശോധിക്കണമെന്ന് ഹൈകോടതി.തൊഴിലുടമകള്‍ ട്രസ്റ്റ് റൂളില്‍ ഭേദഗതി കൊണ്ടുവന്നതിന്റെ പേരിലാണ് അപേക്ഷകള്‍ നിരസിച്ചത്. കൊച്ചി റിഫൈനറിയില്‍നിന്ന് വിരമിച്ച ജീവനക്കാര്‍ നല്‍കിയ ഹരജികളിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്. ഇ.പി.എഫ്.ഒ മേയ് 23ന് പുറപ്പെടുവിച്ച ഉത്തരവ് തങ്ങള്‍ക്കും ബാധകമാണെന്നും ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. കമ്പനി ട്രസ്റ്റ് റൂളില്‍ ഭേദഗതി കൊണ്ടുവന്നതോടെ ഹരജിക്കാര്‍ക്ക് ശമ്പളത്തിന്റെ ആനുപാതിക തുക പെന്‍ഷന്‍ ഫണ്ടിലേക്ക് അടക്കാനാകില്ലെന്നും ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയില്ലെന്നുമായിരുന്നു ഇ.പി.എഫ്.ഒയുടെ വാദം. എന്നാല്‍, വേണ്ടത്ര പരിശോധനയില്ലാതെ ഉദ്യോഗസ്ഥര്‍ അപേക്ഷ നിരസിക്കുന്നതിനെ വിമര്‍ശിച്ച് അഡീ. സെന്‍ട്രല്‍ പി.എഫ് കമീഷണര്‍ റീജനല്‍ ഓഫിസുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
അപേക്ഷകളിലെ ചെറിയ തെറ്റുകള്‍ തിരുത്താനുള്ള അവസരംപോലും തൊഴിലുടമകള്‍ക്കും അപേക്ഷകര്‍ക്കും നല്‍കാതെ അപേക്ഷകള്‍ നിരസിക്കുന്നതിനെതിരെ പരാതികള്‍ പെരുകുകയാണെന്നും ഹെഡ് ഓഫിസില്‍ ഇതെല്ലാം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുകയാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.അപേക്ഷകള്‍ നിരസിച്ചത് നിയമവിരുദ്ധമാണെന്നും പുനഃപരിശോധിക്കണമെന്നും തൊഴിലുടമകളും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പുതിയ സര്‍ക്കുലര്‍ ഹരജിക്കാര്‍ക്ക് ബാധകമെങ്കില്‍ ഉയര്‍ന്ന പെന്‍ഷനുള്ള അപേക്ഷ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *