അശ്ലീല വീഡിയോ ആണെന്ന് ഉറപ്പാക്കാന്‍ കണ്ട് ബോധ്യപ്പെടേണ്ടതുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: അശ്ലീല വീഡിയോ ആണെന്ന് ഉറപ്പാക്കാന്‍ കോടതി അതുകണ്ട് ബോധ്യപ്പെടേണ്ടതുണ്ടെന്ന് ഹൈക്കോടതി. കോട്ടയം കൂരോപ്പട സ്വദേശി ഹരികുമാറിന്റെ ശിക്ഷ റദ്ദാക്കികൊണ്ട് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അശ്ലീല വീഡിയോ കാസറ്റുവിറ്റ കേസില്‍ വിചാരണക്കോടതി വിധിച്ച തടവും പിഴയും റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.1999-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹര്‍ജിക്കാരന്റെ ഉടമസ്ഥതയിലുള്ള വീഡിയോ കാസറ്റ് കടയില്‍നിന്ന് പോലീസ് അശ്ലീല വീഡിയോ കാസറ്റ് പിടിച്ചെടുത്ത് കേസ് രജിസ്റ്റര്‍ചെയ്തു. തുടര്‍ന്ന് ഹര്‍ജിക്കാരനെ കോട്ടയം മജിസ്‌ട്രേറ്റ് കോടതി രണ്ടുവര്‍ഷം തടവിനും പിഴയടയ്ക്കാനും ശിക്ഷിച്ചു. അപ്പീലില്‍ സെഷന്‍സ് കോടതി ശിക്ഷ ഒരുവര്‍ഷമായി കുറച്ചു. ഇതിനെതിരേയാണ് ഹൈക്കോതിയെ സമീപിച്ചത്.പോലീസ് ഉദ്യോഗസ്ഥന്റെയും തഹസില്‍ദാറിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ ശിക്ഷിച്ചതെന്നും വിചാരണക്കോടതി കാസറ്റുകണ്ട് ഉള്ളടക്കം ബോധ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇത് അംഗീകരിച്ച സിംഗിള്‍ ബെഞ്ച് വിചാരണക്കോടതി കാസറ്റുകണ്ട് ബോധ്യപ്പെടേണ്ടിയിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.


Leave a Reply

Your email address will not be published. Required fields are marked *