സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി

#സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി

കൊച്ചി: സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെതിരേ നല്‍കിയ ഹരജി തള്ളിയ ഹൈക്കോടതി സ്വകാര്യ ബസുകളിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ക്ലീനര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഉത്തരവിട്ടു.സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. എതിര്‍പ്പുകളെ തുടര്‍ന്ന് പുതിയ നിബന്ധനകള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു.കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെട്ട 1017 അപകടങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായെന്ന് വിധി പറഞ്ഞു കൊണ്ട് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് ചൂണ്ടിക്കാട്ടി. പൊതുജന സുരക്ഷയെ കരുതിയാണ് ഇത്തരം നിബന്ധനകള്‍ കൊണ്ടുവന്നതെന്നും കേവലം നിയമങ്ങളിലെ സാങ്കേതികത്വം മാത്രം ചൂണ്ടിക്കാട്ടി ഇത്തരം കാര്യങ്ങള്‍ നടപ്പാക്കാതിരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഈ വര്‍ഷം ജനുവരിയിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തു വന്നതെന്നും അവ നടപ്പാക്കാന്‍ ആവശ്യമായ സമയവും അനുവദിച്ചിരുന്നു എന്നും കോടതി പറഞ്ഞു. സംസ്ഥാന ഗതാഗത വകുപ്പിന് ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ അധികാരമില്ലെന്ന വാദവും കോടതി തള്ളി. തങ്ങളുടെ ജീവനക്കാര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പെര്‍മിറ്റ് ഉടമകള്‍ക്കുണ്ട്. ജീവനക്കാര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നതും പ്രധാനമാണ്. പൊലീസ് വെരിഫിക്കേഷന്‍ നടത്തണമെന്നുള്ളതു നിയമപരമല്ലെന്ന വാദവും നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. പെര്‍മിറ്റ് ഉടമകള്‍ ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത് നിയമാനുസൃതമാണെന്ന് ഉറപ്പാക്കേണ്ട നിയമപരമായ ഉത്തരവാദിത്തം സര്‍ക്കാരുകള്‍ക്കുണ്ടെന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *