യുവ ഡോക്ടറെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വേടന് മുന്‍കൂര്‍ ജാമ്യം

# യുവ ഡോക്ടറെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വേടന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: യുവ ഡോക്ടറെ ബലാത്സംഗം ചെയ്തെന്ന കേസില്‍ റാപ്പര്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.യുവതിയുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വിവാഹത്തില്‍ നിന്ന് വേടന്‍ പിന്മാറിയത് മാനസികാരോഗ്യം തകര്‍ത്തുവെന്നും അത് കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നുമാണ് അതിജീവതയുടെ വാദം.കൂടാതെ അതിജീവിത മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ കോടതിയില്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഒരു വ്യക്തിയുടെ ഭാവിയെ ബാധിക്കും വിധം മുന്‍കൂര്‍ ജാമ്യം അനുവദിക്കാത്തത് നീതി നിഷേധമാകുമെന്ന നിരീക്ഷണത്തോടെയാണ് കോടതി നടപടി. ഹിരണ്‍ദാസ് മുരളിയെന്ന വേടന്‍ സെപ്റ്റംബര്‍ 9,10 ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നാണ് പ്രധാന വ്യവസ്ഥ. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും വേടനെ ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.
ഇതിനിടെ ഒരു കേസ് കൂടി സെന്‍ട്രല്‍ പൊലീസ് വേടനെതിരെ രജിസ്റ്റര്‍ ചെയ്തതും അഭിഭാഷക ചൂണ്ടിക്കാട്ടി.എന്നാല്‍ ബന്ധം പിരിഞ്ഞ ശേഷം വ്യക്തികള്‍ മറ്റുള്ളവരുടെ ഭാവി നശിപ്പിക്കാറുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.സമൂഹമാധ്യമ പോസ്റ്റുകള്‍ വഴിയുള്ള അടിസ്ഥാനമില്ലാത്ത വാദങ്ങള്‍ പരിഗണിക്കാനാകില്ലെന്നും വിവാഹ വാഗ്ദാനമെന്നത് ക്രിമിനല്‍ കുറ്റം ചുമത്താന്‍ പര്യാപ്തമല്ലെന്നും കോടതി വാദത്തിനിടെ വ്യക്തമാക്കിയിരുന്നു.ഇരുവരും തമ്മില്‍ അടുപ്പമുണ്ടായിരുന്ന കാലത്തുണ്ടായ ശാരീരിക ബന്ധം അകല്‍ച്ചയുണ്ടാകുന്നതോടെ എങ്ങനെയാണ് ബലാത്സംഗമാകുമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നാണ് പരാതിക്കാരിയെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്ന വ്യവസ്ഥകളോടെ വേടന് ജാമ്യം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *