എംആര്‍ അജിത്ത് കുമാറിനെതിരായ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തൂ

#എംആര്‍ അജിത്ത് കുമാറിനെതിരായ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തൂ

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എംആര്‍ അജിത്ത് കുമാറിനെതിരായ വിജിലന്‍സ് കോടതി ഉത്തരവിന് ഇടക്കാല സ്റ്റേ.എംആര്‍ അജിത്ത് കുമാറിനെതിരെ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നത്.എന്നാല്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടെന്ന നിരീക്ഷണത്തോടെയാണ് വരുന്ന സെപ്റ്റംബര്‍ 12-ാം തിയതി വരെ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്.കൂടാതെ അന്വേഷണത്തില്‍ നിയമപ്രശ്നങ്ങളുണ്ടെന്ന് നേരത്തെ നിരീക്ഷിച്ച കോടതി പ്രോസിക്യൂഷന്‍ അനുമതി ഇല്ലാതെയാണ് അന്വേഷണം നടത്തിയതെങ്കില്‍ നടപടിക്രമത്തിന് വിരുദ്ധമാണെന്നും നിരീക്ഷിച്ചിരുന്നു.ഇതിനിടെ മേലുദ്യോഗസ്ഥനെതിരെ കീഴ് ഉദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണം പ്രഹസനമെന്നും കോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു.വിജിലന്‍സ് ഡിവൈഎസ്പി ആണ് എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ അന്വേഷണം നടത്തിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതോടെയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എസ്പിയുടെ മേല്‍നോട്ടത്തില്‍ വിജിലന്‍സ് ഡിവൈഎസ്പി ആണ് അജിത്ത് കുമാറിനെതിരെ അന്വേഷണം നടത്തിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.എന്നാല്‍ സല്യൂട്ട് ചെയ്യേണ്ട പദവിയിലുള്ളവര്‍ നടത്തുന്ന അന്വേഷണം പ്രഹസനമെന്നും ജൂനിയര്‍ ഉദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണം എങ്ങനെ സുതാര്യമാകുമെന്നും കോടതി വിമര്‍ശിച്ചു. തുടര്‍ന്നാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്ന ജസ്റ്റിസ് എ.ബദറുദ്ദീന്‍ വ്യക്തമാ്കകിയത്.ഇതിനിടെ അജിത്ത് കുമാര്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടില്ലെന്ന വിജിലന്‍സിന്റെ പ്രാഥമിക ക്ലീന്‍ ചീറ്റ് റിപ്പോര്‍ട്ട് റദ്ദാക്കിയ ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ അനുചിതമായെന്ന് സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചു.അദൃശ്യ ശക്തിയുടെ ഇടപെടലാണ് ക്ലീന്‍ ചീറ്റിന് കാരണമെന്നായിരുന്നു വിജിലന്‍സ് കോടതി വിമര്‍ശനം. മുഖ്യമന്ത്രിയെ ഉന്നം വെച്ചുള്ള ഈ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *