ബ്യൂറോക്രസി യജമാനന്‍മാരല്ല; ജനാധിപത്യ സേവകരാണെന്ന് ഹൈക്കോടതി

കൊച്ചി:ബ്യൂറോക്രസി യജമാനന്‍മാരല്ല ജനാധിപത്യ സേവകരാണ്. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍ സഹാനുഭൂതി പ്രകടിപ്പിക്കുന്നതില്‍ ബ്യൂറോക്രസിക്ക് നിര്‍ണായക പങ്കുണ്ടന്ന് ഹൈക്കോടതി. ജന പ്രതിനിധികളുടെ ഭരണത്തിനൊപ്പം ഉദ്യോഗസ്ഥരില്‍ നിന്ന് മനുഷ്യത്വപരമായ സമീപനം കൂടി ഉണ്ടാകുമ്പോഴാണ് ജനാധിപത്യം വിജയിക്കു. ഉദ്യോഗസ്ഥരില്‍ മാനുഷിക സ്പര്‍ശം ഉണ്ടായില്ലെങ്കില്‍ സര്‍ക്കാറുകള്‍ പരാജയമായി മാറുമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. തഹസില്‍ദാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊല്ലം പട്ടത്താനം സ്വദേശി മണിലാലിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് നിരീക്ഷണം. വിചാരണ നേരിടണമെന്ന കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിന്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ മണിലാല്‍ നല്‍കിയ പുനപരിശോധന ഹരജിയാണ് കോടതി പരിഗണിച്ചത്.
ഹരജിക്കാരന്റെ 76കാരനായ ഭാര്യാപിതാവ് മൂന്ന് സെന്റ് സ്ഥലം പോക്കുവരവ് ചെയ്യാന്‍ ഒന്നര വര്‍ഷം മുമ്പ് നല്‍കിയ അപേക്ഷ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തഹസീല്‍ദാര്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് 2020ല്‍ താലൂക്ക് ഓഫീസില്‍ നടന്ന അദാലത്തില്‍ പങ്കെടുക്കാന്‍ ഹരിജക്കാരനും അപേക്ഷകനും ചേര്‍ന്ന് പോയിരുന്നു. അപേക്ഷകനൊപ്പം മറ്റൊരാളുടെ സാന്നിധ്യം പാടില്ലെന്ന് പറഞ്ഞ് തഹസില്‍ദാര്‍ തെളിവെടുപ്പിന് വിസമ്മതിച്ചതോടെ ബഹളം വെച്ചെന്നും ക്ലാര്‍ക്കില്‍ നിന്ന് ഫയല്‍ പിടിച്ചുവാങ്ങി മേശപ്പുറത്തേക്ക് ഇട്ടെന്നും കസേര നിലത്തടിച്ചെന്നും ഹരജിക്കാരനെതിരെ കേസെടുത്തു. ഒരു വകുപ്പ് ഒഴിവാക്കിയ കോടതി കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനടക്കം വിചാരണ നേരിടണമെന്ന് ഉത്തരവിടുകയായിരുന്നു. ഇതിനെതിരേയാണ് പുനപ്പരിശോധനാ ഹര്‍ജി നല്‍കിയത്.
ബാങ്ക് മാനേജരായ ഹരജിക്കാരന്‍ സര്‍ക്കാര്‍ ഓഫീസില്‍ നടത്തിയ പ്രവൃത്തി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതി വിലയിരുത്തി. എന്നാല്‍, 72കാരനായ ഭാര്യാപിതാവിന്റെ ദുരവസ്ഥയില്‍ ഹരജിക്കാരന്‍ പ്രതികരിച്ചതാവണം. അതേസമയം, പലവിധ സ്വഭാവക്കാരാണ് സര്‍ക്കാര്‍ ഓഫീസിലെത്തുന്നതെന്നതിനാല്‍ പ്രതികരണങ്ങളും വ്യത്യസ്തമായിരിക്കുമെന്നും ഏത് സന്ദര്‍ഭത്തിലും ബ്യൂറോക്രസിയെ നയിക്കുന്ന വികാരം ക്ഷമയായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമപരമായി മാത്രമേ തീരുമാനമെടുക്കാനാകൂ. എന്നാല്‍, പെരുമാറ്റം മനുഷ്യത്വപരമാകണം. ഭരണപരമായ തീരുമാനങ്ങള്‍ വെറും കടലാസിനപ്പുറം ജീവിതമാണ്. ഓരോ ഫയലിനും ഓരോ മുഖമുണ്ട്, എല്ലാ തീരുമാനത്തിനും പിന്നില്‍ പ്രതീക്ഷയോ ഉത്കണ്ഠയോ സ്വപ്നങ്ങളോ ഉണ്ട്. ഓഫീസിനുള്ളിലെ തീരുമാനങ്ങള്‍ പുറത്തുള്ള ജീവിതത്തെ ബാധിക്കുമെന്ന തിരിച്ചറിവും ഉദ്യോഗസ്ഥനുണ്ടാകണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ അനുഭാവപൂര്‍വം പെരുമാറിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന സംഭവമായിരുന്നു ഇതെന്ന് കോടതി വിലയിരുത്തി. ശാരീരിക ആക്രമണമോ ബലപ്രയോഗമോ തടഞ്ഞുവെക്കലോ നടന്നിട്ടില്ലാത്തതിനാല്‍ ഈ കുറ്റം നിലനില്‍ക്കില്ലെന്ന് വിലയിരുത്തിയാണ് കേസ് റദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *