സിയാദ് താഴത്ത്
കൊച്ചി:അറസ്റ്റ് രേഖപ്പെടുത്തല്‍ സമയമല്ല, പൊലിസ് കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനുള്ളിലാണ് ആളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ടതെന്ന് ഹൈക്കോടതി ഉത്തരവ് അനധികൃത പൊലിസ് കസ്റ്റഡിക്കെതിരേയുള്ള കനത്ത താക്കീതായി.
ആളെ കസ്റ്റഡിയിലെടുത്ത് തോന്നുമ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമുള്ള 24 മണിക്കൂറല്ല കണക്കാക്കേണ്ടതെന്നും പൊലിസ് പിടികൂടിയ ഒരാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനുള്ള 24 മണിക്കൂര്‍ സമയം ആരംഭിക്കുന്നത് ആ വ്യക്തിയെ കസ്റ്റഡിയിലെടുത്തതോ അയാളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിയതോ ആയ സമയം മുതലാണെന്നും ജസ്റ്റിസ് ബെച്ചുകുര്യന്‍ തോമസ് വ്യക്തമാക്കി.വ്യക്തികളെ അനധികൃതമായി കസ്റ്റഡിയിലെടുത്ത് നിയമവിരുദ്ധമായി മണിക്കൂറുകളോളമോ ദിവസങ്ങളോ ചോദ്യംചെയ്യുന്ന പൊലിസ് രീതിക്കെതിരെയുള്ള വളരെ നിര്‍ണായക തീരുമാനമാണ് കോടതി ഉത്തരവിലൂടെ വ്യക്തമായിരിക്കുന്നത്.വ്യക്തികളെ കസ്റ്റഡിയിലെടുത്തിട്ടും അന്വേഷണത്തിന്റെ മറവില്‍ അറസ്റ്റ് രേഖപ്പെടുത്താതിരിക്കുന്നതുമായ ഇത്തരം രീതികള്‍ പലപ്പോഴും നിയമവിരുദ്ധമായി മാറുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അനിയന്ത്രിതമായ അധികാരത്തിന്റെ കാലഘട്ടങ്ങളിലാണ് സാധാരണയായി ഇത്തരത്തില്‍ പൊലിസ് ക്രൂരതകള്‍ സംഭവിക്കുന്നത്. പരിശോധനയില്ലെങ്കില്‍, രേഖപ്പെടുത്താത്ത അത്തരം കസ്റ്റഡി കാലയളവുകള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുമെന്ന് ഹൈക്കോടതി പറഞ്ഞു.അറസ്റ്റ് ചെയ്യപ്പെട്ട ആളെ അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തൊട്ടടുത്ത മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു.അറസ്റ്റ് ചെയ്ത സ്ഥലത്ത് നിന്ന് മജിസ്ട്രേറ്റിന്റെ കോടതിയില്‍ എത്താന്‍ ആവശ്യമായ സമയം ഒഴികെ, മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ ആ സമയപരിധിക്കപ്പുറം തടങ്കലില്‍ വയ്ക്കരുതെന്ന് കര്‍ശനമായ വിലക്കുണ്ട്. മയക്കുമരുന്ന് കേസില്‍ പ്രതിയായ പശ്ചിമ ബംഗാള്‍ സ്വദേശി ബിശ്വജിത് മണ്ഡലിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ സുപ്രധാന നിര്‍ദേശം.
നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് വ്യക്തമാക്കിയ കോടതി ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളിയെ പോലും നീതിപൂര്‍വകമായി പരിഗണിക്കാന്‍ അര്‍ഹതയുണ്ടെന്നും വ്യക്തമാക്കി.ഈ കേസില്‍ ഹരജിക്കാരനെ 2025 ജനുവരി 25ന് ഉച്ചയ്ക്ക് 3 മണിക്ക് കസ്റ്റഡിയിലെടുത്തു.ജനുവരി
26ന് ഉച്ചയ്ക്ക് 2 മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി.എന്നാല്‍ ജനുവരി 26ന് രാത്രി 8 മണിക്ക് മാത്രമാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതെന്നും മഹസറില്‍ വെളിപ്പെടുത്തുന്നു.അഥവാ24 മണിക്കൂര്‍ കാലയളവിനപ്പുറം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാതെ അനധികൃതമായി കസ്റ്റഡിയില്‍ സൂക്ഷിച്ചത് നിയമവിരുദ്ധമായ തടങ്കലാണെന്ന് വ്യക്തമാക്കിയ കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
ഉത്തരവ് അനധികൃത പൊലിസ് കസ്റ്റഡിക്കെതിരേയുള്ള താക്കീത്
