കൊച്ചി: നിരോധിത സംഘടനയായ പി.എഫ്.ഐയുടെ രാജ്യത്തെ പ്രധാന ആസ്ഥാനങ്ങളിലൊന്നായി എന്‍.ഐ.എ കണ്ടെത്തിയ മഞ്ചേരി ഗ്രീന്‍വാലി ഉള്‍പ്പടെയുള്ള പത്തോളം കേന്ദ്രങ്ങള്‍ ജപ്തി ചെയ്ത നടപടി എൻ.െഎ.എ സ്പെഷ്യല്‍ കോടതി കോടതി റദ്ദാക്കി.
എന്‍.ഐ.എയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2022 മുതല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സമിതി തുടങ്ങിവച്ച ജപ്തി നടപടികളെ ചോദ്യം ചെയ്യുന്ന ഹരജികളിലാണ് കോടതി നടപടി.പോപുലര്‍ ഫ്രണ്ടുമായി നേരത്തെ ബന്ധമുണ്ടായിരുന്ന സ്വകാര്യ വ്യക്തികളും ട്രസ്റ്റികളും സമര്‍പ്പിച്ച അപ്പീലുകളാണ് കോടതി പരിഗണിച്ചത്.
മലപ്പുറം ജില്ലയിലെ മഞ്ചേരി കാരാപറമ്പിലെ ഗ്രീന്‍വാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള 10.27 ഹെക്ടര്‍ ഭൂമിയും കെട്ടിടങ്ങളും പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട നിയമനടപടികളില്‍ നി്‌ന്നൊഴിവാക്കപ്പെട്ടതാണ് ഇതില്‍ ഏറേ പ്രധാനം.കോളജ്,ഓഫീസ്,തൊഴില്‍ പരിശീലന ക്ലാസുകള്‍,സ്റ്റുഡന്റ് ഹോസ്റ്റല്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് ഗ്രീന്‍വാലിയിലുള്ളത്.സംഘടനാ നിരോധനത്തോടനുബന്ധിച്ച് തന്നെ ഗ്രീന്‍വാലി കാംപസ് പി.എഫ്.ഐയുടെ പ്രധാന കേന്ദ്രമാണെന്ന് എന്‍.ഐ.എ ആരോപിച്ചിരുന്നു.
സംഘടനയുടെ കേഡര്‍മാരെ താമസിപ്പിക്കാനും, സ്ഫോടകവസ്തുക്കളും ആയുധങ്ങളും നിര്‍മിക്കാനും ഉപയോഗിക്കുന്നതിനും പരിശീലനം നടത്താനുമാണ് ഈ കേന്ദ്രം ഉപയോഗിക്കുന്നതെന്നായിരുന്നു എന്‍.ഐ.എയുടെ ആരോപണം.എന്നാല്‍ പി.എഫ്.ഐയും അതിന്റെ പഴയ രൂപമായ നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ടും രൂപീകരിക്കുന്നതിനും മുമ്പുതന്നെ ഈ ട്രസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെന്നും 1993ല്‍ സ്ഥാപിച്ച ഗ്രീന്‍വാലിയുടെ ആസ്തികള്‍ ഏതെങ്കിലും തരത്തിലുള്ള തീവ്രവാദത്തിന്റെ ഭാഗമായുള്ളതല്ലെന്നും ഗ്രീന്‍ വാലി ഫൗണ്ടേഷന്‍ വാദിച്ചു.തുടര്‍ന്ന് വിവിധ വിദ്യാഭ്യാസ-തൊഴിലധിഷ്ടിത കോഴ്‌സുകള്‍ ഇവിടെ നടക്കുന്നതിനാല്‍ കാംപസ് അടച്ചുപൂട്ടരുതെന്നും പ്രവര്‍ത്തിക്കാമെന്നും കോടതി നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.
ആലപ്പുഴ സോഷ്യല്‍ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ ട്രസ്റ്റ്, ആലപ്പുഴ മണ്ണഞ്ചേരിയിലെ ഷാഹുല്‍ ഹമീദിന്റെ ഉടമസ്ഥതയിലുള്ള ആലപ്പി സോഷ്യല്‍ കള്‍ച്ചറല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ്,കരുനാഗപ്പള്ളിയിലെ കാരുണ്യ ഫൗണ്ടേഷന്‍,പന്തളം എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്,ചാവക്കാട്ടെ മൂന്ന് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍,വയനാട് മാനന്തവാടിയിലെ ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റിന്റെ കീഴിലുള്ള ഭൂമി,ആലുവയിലെ അബ്ദുല്‍ സത്താര്‍ ഹാജി മൂസ സേട്ട് പള്ളിയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടം,പട്ടാമ്പിയിലെ ഷോപ്പിങ് കോംപ്ലക്സ്, കോഴിക്കോട് മീഞ്ചന്തയിലെ യൂനിറ്റ് ഹൗസ് കെട്ടിടം തുടങ്ങിയവയാണ് എന്‍.ഐ.എ കണ്ടുകെട്ടി ഇപ്പോള്‍ വിട്ടു കൊടുക്കാന്‍ ഉത്തരവായിരിക്കുന്ന മറ്റ് സ്വത്തുക്കള്‍.പി.എഫ്.ഐ നിരോധനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ എടുത്ത കേസില്‍ പ്രതികളായ അംഗങ്ങളാരും നിലവിലെ ട്രസ്റ്റില്‍ ഇല്ല.പി.എഫ്.ഐയുടെ മുന്‍ വൈസ് ചെയര്‍മാനും ട്രസ്റ്റിന്റെ സ്ഥാപക അംഗവുമായ ഇ.എം അബ്ദുര്‍റഹ്‌മാനെ എന്‍.ഐഎ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെങ്കിലും, അദ്ദേഹം ട്രസ്റ്റുമായി കുറഞ്ഞ കാലയളവില്‍ മാത്രമേ ബന്ധമുണ്ടായിരുന്നുള്ളൂവെന്നായിരുന്നു ഉടമസ്ഥരുടെ വാദം.
മഞ്ചേരി ഗ്രീന്‍വാലിയടക്കം പത്തോളം പി.എഫ്.ഐ കേന്ദ്രങ്ങളുടെ സ്വത്ത് വകകളുടെ ജപ്തി നടപടി കോടതി റദ്ദാക്കി
