സി.എം.ആര്‍.എല്ലിനെതിരെ അപകീര്‍ത്തി പ്രസ്താവനകള്‍ നടത്തരുതെന്ന് ഷോണ്‍ ജോര്‍ജിനെ വിലക്കി കോടതി

കൊച്ചി:കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍ കമ്പനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് വിലക്കി കോടതി.സി.എം.ആര്‍.എല്‍ നല്‍കിയ ഹരജിയിലാണ് ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ് കമ്പനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് പൂര്‍ണമായും തടഞ്ഞ് എറണാകുളം സബ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.ഷോണ്‍ ജോര്‍ജിനെതിരെ നേരത്തേ ഏര്‍പ്പെടുത്തിയ വിലക്ക് സ്ഥിരപ്പെടുത്തിയാണ് സബ് കോടതി ജഡ്ജി രേഷ്മ ശശിധരന്‍ അന്തിമ ഉത്തരവ് ഇറക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സലോജിക് കമ്പനിക്ക് സി.എം.ആര്‍.എല്‍ അധികൃതമായി പണം നല്‍കിയെന്ന കേസില്‍ എസ്.എഫ.്‌ഐ,ഒ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.എന്നാല്‍ കമ്പനിക്കും വീണയുടെ എക്‌സാലോജിക് സൊല്യൂഷന്‍സിനും എതിരെ ഷോണ്‍ ജോര്‍ജ് നിരവധി അപകീര്‍ത്തി പ്രസ്താവനകള്‍ നടത്തിയെന്ന് സി.എം.ആര്‍.എല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലടക്കമുള്ള ഇത്തരം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും സി.എം.ആര്‍.എല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ആലപ്പുഴ തീരത്തെ കരിമണല്‍ ഘനനത്തില്‍ സി.എം.ആര്‍.എല്ലിന് നേരിട്ട് പങ്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.അത്തരത്തിലുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ഷോണ്‍ ജോര്‍ജിനും കഴിഞ്ഞിട്ടില്ല. അതിനാല്‍ ഇതിന്റെ പേരില്‍ സി.എം.ആര്‍.എല്ലിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികള്‍ പാടില്ലന്നാണ് കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്.ഈ കേസുമായി ബന്ധപ്പെട്ട് കോടതി നേരത്തേ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ഷോണ്‍ ജോര്‍ജിന്റെ ഭാഗം കേള്‍ക്കാതെ സി.എം.ആര്‍.എല്‍ ഹാജരാക്കിയ വിവരങ്ങള്‍ വെച്ചുകൊണ്ടായിരുന്നു അന്ന് കോടതി ഉത്തരവിറക്കിയിരുന്നത്.എന്നാല്‍ ഇപ്പോള്‍ ഷോണ്‍ ജോര്‍ജിന്റെ ഭാഗംകൂടി കേട്ടശേഷമാണ് കോടതി ഈ വിഷയത്തില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *