കൊച്ചി:നടന്‍ പ്രേംനസീറിന് അപകീര്‍ത്തിപ്പെടുംവിധം സാമൂഹ്യമാധ്യമത്തിലൂടെ പരാമര്‍ശം നടത്തിയത് വിവാദമായതോടെ മാപ്പ് ചോദിച്ച് നടന്‍ ടിനി ടോം.താന്‍ അറിഞ്ഞുകൊണ്ട് പ്രേംനസീറിനെതിരേ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നും താന്‍ പറഞ്ഞ കാര്യങ്ങളെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ചതാണെന്നും ടിനി ടോം പറഞ്ഞു. തന്റെ ഭാഗത്തു നിന്ന് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നും പ്രേംനസീറിനെപ്പോലുള്ള ലെജന്റുകളെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കാന്‍ തനിക്ക് പറ്റില്ലെന്നും
സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലൂടെ ടിനി ടോം വ്യക്തമാക്കി.നസീര്‍ സാറിനെ ആരാധിക്കുന്ന ഒരുപാട് പേര്‍ ലോകത്തുണ്ട്. അതില്‍ ഉള്‍പ്പെടുന്ന ചെറിയ ഒരാളാണ് ഞാന്‍. നസീര്‍ സാര്‍ എവിടെ കിടക്കുന്നു ഞാന്‍ എവിടെ കിടക്കുന്നു. അത്രയും വലിയ ഒരു സ്റ്റാറിനെ മോശം പരാമര്‍ശം നടത്താന്‍ ഞാന്‍ ആരാണ്. ഒരു ഇന്റര്‍വ്യൂവിലെ ചെറിയ ഭാഗം അടര്‍ത്തി എടുത്ത് തെറ്റായ വ്യാഖ്യാനത്തിലൂടെ പല വാര്‍ത്തകളും പുറത്തുവിടുകയാണ് ഉണ്ടായത്.ഞാന്‍ നസീര്‍ സാറിനെ നേരിട്ട് കണ്ടിട്ടുകൂടി ഇല്ല.ഒരു സീനിയര്‍ തന്ന വിവരം. ഇപ്പോള്‍ അദ്ദേഹം കൈ മലര്‍ത്തുന്നുണ്ട്. അല്ലാതെ അന്തരീക്ഷത്തില്‍ നിന്ന് ആവാഹിച്ച് എടുത്തതല്ല. കേട്ട വിവരംവച്ച് ഷെയര്‍ ചെയ്ത കാര്യമാണ്. അതൊരിക്കലും ആരെയും മോശപ്പെടുത്താനോ അവഹേളിക്കാനോ അല്ല. കാരണം ഇവരൊക്കെ തിരിച്ചു കിട്ടാത്ത ലെ!ജന്റ്‌സ് ആണെന്നും ടിനിടോം പറഞ്ഞു. ഞാന്‍ അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പും ക്ഷമയും ചോദിക്കാന്‍ ഞാന്‍ തയാറാണ്. അത്രയും വലിയ ലെജന്റിന്റെ കാല്‍ക്കല്‍ വീഴാനും ഞാന്‍ തയാറാണെന്നും ടിനി പറഞ്ഞു.പ്രേംനസീര്‍ സ്റ്റാര്‍ഡം പോയി സിനിമയില്ലാതെയായപ്പോള്‍ മനസ്സുവിഷമിച്ച് അടൂര്‍ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടില്‍ പോയിരുന്നു കരഞ്ഞിരുന്നു എന്ന ടിനിടോമിന്റെ പ്രസ്താവനയാണ് വിവാദമായത്.
പ്രേംനസീറിനെതിരായ പരാമര്‍ശം വിവാദമായതോടെ മാപ്പ് ചോദിച്ച് നടന്‍ ടിനി ടോം
