മനുഷ്യാവകാശ സംരക്ഷണത്തിന്റെ ചാംപ്യനായിരുന്നു ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യറെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്

കൊച്ചി: മനുഷ്യാവകാശ സംരക്ഷണത്തിന്റെ ചാംപ്യനായിരുന്ന ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനായി ഇന്ത്യന്‍ നീതിന്യായ സംവിധാനത്തെ നവീകരിച്ച ന്യായാധിപനായിരുന്നു എന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്.ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിച്ച് ജസ്റ്റിസ് കൃഷ്ണയ്യര്‍ നടത്തിയ ഇടപെടലുകള്‍ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് മാതൃകയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.പതിനൊന്നാമത് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ മെമ്മോറിയല്‍ നിയമ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.’മൗലികാവകാശങ്ങളുടെയും നിര്‍ദ്ദേശക തത്വങ്ങളുടെയും സന്തുലനത്തില്‍ വി.ആര്‍.കൃഷ്ണയ്യരുടെ പങ്ക്’ എന്നതായിരുന്നു പ്രഭാഷണ വിഷയം.സാമൂഹികശ്രേണിയിലെ ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യരോട് അനുകമ്പയോടെയുള്ള ഇടപെടല്‍ നടത്തിയിരുന്ന ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ പരിസ്ഥതി സാമൂഹിക വിഷയങ്ങളില്‍ സുപ്രധാനമായ വിധിന്യായങ്ങള്‍ നടത്തി.സാമൂഹിക നീതി ഉറപ്പാക്കാന്‍ നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തിയ ഇസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ ഉത്തരവുകള്‍ തന്നെ വലിയരീതിയില്‍ സ്വാധീനിച്ചുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍,ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍,എസ്‌കെഎസ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍, സെക്രട്ടറി അഡ്വ. സനന്ദ് രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.ശാരദ കൃഷ്ണ സദ്ഗമയ ഫൗണ്ടേഷനന്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ് ആണ് പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *