ഭാര്യയെ കെട്ടി തൂക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു.
കൊച്ചി: ഇന്ത്യയിൽ ഒരു സ്ത്രീയും നഗ്നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹൈക്കോടതി. ഭർത്താവിനെതിരെയുള്ള കൊലപാതകകുറ്റം തെളിയിക്കാൻ ഇത് തന്നെ മതിയായ കാരണമെന്നും കോടതി.
ഭാര്യയെ കൊലപെടുത്തിയ കേസിൽ കണ്ണൂർ സ്വദേശി ഷമ്മികുമാറിന് വിചാരണ കോടതി വിധിച്ച ജീവപര്യന്ത്യം ശിക്ഷ ശരിവെച്ചാണ് ഡിവിഷൻ ബഞ്ചിൻ്റെ നിരീക്ഷണം.ഭാര്യയെ കെട്ടി തൂക്കി കൊലപ്പെടുത്തിയ കേസിൽ ഐപിസി 302-ാം വകുപ്പ് പ്രകാരം ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. പുറത്തുനിന്ന് പൂട്ടിയ ലോഡ്ജ് മുറിയിൽ നഗ്‌നമായ നിലയിലാണ് മൃതദേഹം മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമല്ല ആത്മഹത്യയായിരുന്നുവെന്നാണ് പ്രതിയായ ഭർത്താവ് വാദിച്ചത്. സാധാരണയായി ഇന്ത്യൻ സ്ത്രീകൾ ആത്മഹത്യ ചെയ്യുമ്പോൾ നഗ്നത മറയ്ക്കാറുണ്ടെന്ന് ജസ്റ്റിസ് പി.ബി സുരേഷ് കുമാറും ജസ്റ്റിസ് സി.പ്രതീപ് കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.കൂടാതെ പോലിസ് സർജൻ്റെ തെളിവുകളും കോടതി പരിശോധിച്ചു. ഭർത്താവും മറ്റൊരു പ്രതിയായ ഭർത്താവിൻ്റെ മാതാവും മരിച്ച സ്ത്രീയുടെ ചാരിത്രത്തെ സംശയിച്ചിരുന്നവെന്നാണ് പോലിസ് കണ്ടെത്തൽ.
പ്രതികൾക്കെതിരെ പ്രത്യക്ഷ തെളിവുകളില്ലെന്നും തെളിവ് നിയമപ്രകാരമുള്ള അനുമാനങ്ങളും ലാസ്റ്റ് സീൻ തിയറിയും ഉൾപെടെയുള്ള സാഹചര്യത്തെളിവുകൾ മാത്രമാണുള്ളതെന്നും പ്രതികൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. സംശയാതീതമായി കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും മെഡിക്കൽ തെളിവുകൾ ആത്മഹത്യ ചെയ്യാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നുമായിരുന്നു വാദം. എന്നാൽ കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് മരിച്ച യുവതി നേരത്തെ പോലിസിൽ പരാതി നൽകിയിട്ടുണ്ടെന്ന് കോടതി ചൂണ്ടികാട്ടി. യുവതിയെയും മകളെയും രഹസ്യമായി ലോഡ്ജിലേക്ക് കൊണ്ടുപോയത് ഭർത്താവാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഭാര്യയെ കൊലപെടുത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഇതെന്നും തെളിവുകളിൽ നിന്ന് വ്യക്തമാണെന്നും സൂചിപ്പിച്ച കോടതി പ്രതിയുടെ ശിക്ഷ ശരിവെച്ചു.