ഭൂമി തരംമാറ്റം: സർക്കാരിന് ലഭിച്ച 1500 കോടിയിലധികം രൂപ  കാർഷിക അഭിവ്യദ്ധി ഫണ്ടിലേക്ക് കൈമാറണമെന്ന് ഹൈക്കോടതി

കൊച്ചി: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് സർക്കാരിന് ലഭിച്ച 1500 കോടിയിലധികം രൂപ  പൂർണമായും കാർഷിക അഭിവൃദ്ധി  ഫണ്ടിലേക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇതിൽ 25%  നാലുമാസത്തിനകവും ശേഷിക്കുന്ന 75% തുക ഒരു വർഷത്തിനകം മൂന്ന് ഗഡുക്കളായും കൈമാറണം. ഡിസംബർ ഒന്ന് മുതൽ  ലഭിക്കുന്ന ഫീസ് നേരിട്ട് ഈ ഫണ്ടിലേക്ക് മാറ്റണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഇത് ഏതെല്ലാം ഇനത്തിലാണ് വിനിയോഗിക്കേണ്ടതെന്ന് സർക്കാർ രണ്ട് മാസത്തിനകം തീരുമാനിച്ച് റവന്യൂ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണം. സ്റ്റേറ്റ് ഓഡിറ്റ് വിഭാഗം കാർഷിക അഭിവൃദ്ധി ഫണ്ട് വർഷംതോറും ഓഡിറ്റ് ചെയ്ത് കണക്കുകൾ പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി. തൃശൂർ സ്വദേശി ടി.എൻ. മുകുന്ദന്റെ ഹർജിയിലാണ് ഉത്തരവ്.2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ കാർഷിക അഭിവൃദ്ധി ഫണ്ട് വ്യവസ്ഥചെയ്തിട്ടുണ്ട്. ഈ ഫണ്ട് വയലുകളുടെ സംരക്ഷണത്തിനും നികത്തിയ പാടങ്ങൾ കൃഷിയോഗ്യമാക്കുന്നതിനും മറ്റും  വിനിയോഗിക്കണമെന്നാണ് ചട്ടം. എന്നാൽ ഇതിൽ നിന്ന് നെൽകൃഷി പ്രോത്സാഹനത്തിന് തുക അനുവദിക്കുന്നില്ലെന്നാണ് ഹർജിക്കാരൻ വാദിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *