കൊച്ചി: നടിയുടെ പരാതിയിൽ ‘അമ്മ’ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസെടുത്ത കേസിൽ ഹൈകോടതിയുടെ സ്റ്റേ തുടരും. സിനിമയിൽ അവസരവും അമ്മയിൽ അംഗത്വവും ലഭിക്കാൻ ലൈംഗിക താൽപര്യത്തോടെ ഇടപെട്ടുവെന്നാരോപിച്ച് കോഴിക്കോട് സ്വദേശിനിയായ നടി നൽകിയ പരാതിയിലെടുത്ത കേസിലെ തുടർ നടപടികളിലാണ് സ്റ്റേ തുടരുക. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇടവേള ബാബു നൽകിയ ഹരജിയിൽ നടപടികൾ താൽക്കാലികമായി തടഞ്ഞ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണനക്കെത്തിയപ്പോൾ ഹരജി വിശദ വാദത്തിനായി ഡിസംബർ അഞ്ചിന് പരിഗണിക്കാൻ മാറ്റുകയും അതുവരെ സ്റ്റേ തുടരാൻ ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദേശിക്കുകയുമായിരുന്നു. കേസ് ഡയറി ഹാജരാക്കാൻ പ്രോസിക്യൂഷനും നിർദേശം നൽകി. അമ്മയുടെ അംഗത്വത്തിന് ഫീസ് രണ്ട് ലക്ഷമാണെന്നും അഡ്ജസ്റ്റ് ചെയ്താൽ ഈ തുക നൽകേണ്ടതില്ലെന്ന് ഹരജിക്കാരൻ പറഞ്ഞഞ്ഞെന്നുമാണ് ജൂനിയർ നടിയുടെ പരാതി. നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റർചെയ്തത്.