ഹരജി നവംബർ 22 വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും
കൊച്ചി:വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ നവംബര്‍ മാസത്തിനകം തീരുമാനം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കെ.വി.ജയകുമാറും അടങ്ങിയ ഡിവിഷന്‍ ബെബിന്റേതാണ് നിര്‍ദ്ദേശം.ദുരന്തമേഖലയായി പ്രഖ്യാപിക്കാന്‍ ഹൈപവര്‍ കമ്മിറ്റി ചേരാന്‍ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍ സുന്ദരേശന്‍ അറിയിച്ചു.എന്നാല്‍ നാലു മാസം പിന്നിട്ടിട്ടും യോഗം ചേര്‍ന്നില്ലേയെന്ന് കോടതി ചോദിച്ചു.
ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തെ ദേശിയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വിശദീകരണം അഡ്വക്കേറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണ കുറുപ്പ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.മന്ത്രിയുടെ കത്ത് പരിശോധിച്ച കോടതി സഹായം നല്‍കില്ലെന്ന് പറയുന്നില്ലല്ലോ എന്ന് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിലവിലെ ഫണ്ട് ഉപയോഗിക്കുന്നതില്‍ തടസമില്ലെന്നും എ.എസ്.ജി.വിശദീകരിച്ചു. ദുരന്ത ബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തിലും തീരുമാനം വേണമെന്നും ദേശീയ പാത അതോറിറ്റിയുടെ കാര്യത്തില്‍ പ്രത്യേക ദുരന്ത ബാധിത ഫണ്ട് വേണമെന്ന അമിക്കസ് ക്യൂറിയുടെ നിര്‍ദേശത്തില്‍ നിലപാട് അറിയിക്കണമെന്നും കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചു.സംസ്ഥാന സര്‍ക്കാറിന് തന്നെ പുനരുദ്ധാരണം സാധ്യമല്ലാത്ത ദുരന്തത്തെയാണ് ലെവല്‍ മൂന്ന് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്.ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാനാണ് ഡിവിഷന്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ലെവല്‍ മൂന്ന് കാറ്റഗറിയില്‍പ്പെട്ട ദുരന്തമായി പ്രഖ്യാപിച്ചാല്‍ ദേശീയ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള സഹായം ലഭിക്കുന്നതിനുള്ള തടസങ്ങള്‍ ഒഴിവാകും.ഹരജി നവംബർ 22 വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.