സ്ത്രീകളുടെ ശരീരത്തെക്കുറിച്ച അവഹേളന സംസാരം (ബോഡി ഷെയിമിങ് )ഗാർഹിക പീഡന നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി

കൊച്ചി: സ്ത്രീകളുടെ ശരീര ഘടനയെക്കുറിച്ച് അവഹേളിച്ച് സംസാരിക്കുന്ന ബോഡി ഷെയിമിങ് ഗാർഹിക പീഡന നിയമത്തിന്‍റെ പരിധിയിൽ വരുന്ന കുറ്റകൃത്യമെന്ന് ഹൈക്കോടതി. യുവതിയുടെ ശരീരത്തെക്കുറിച്ച് കളിയാക്കുകയും വിദ്യാഭ്യാസ യോഗ്യത പരിശോധിച്ച് വ്യാജമെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തത് സംബന്ധിച്ച് കണ്ണൂർ കൂത്തുപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കുമെന്ന് വ്യക്തമാക്കുന്ന ഉത്തരവിലാണ് ജസ്റ്റിസ് എ.ബദറുദ്ദീന്‍റെ നിരീക്ഷണം. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ ഭർതൃ സഹോദര ഭാര്യ നൽകിയ ഹരജി കോടതി തള്ളി.
2019ൽ വിവാഹിതയായി ഭർതൃവീട്ടിൽ എത്തിയ യുവതിക്കാണ് ബോഡി ഷെയിമിംഗടക്കം നേരിടേണ്ടിവന്നത്.യുവതിക്ക് ഷേപ്പില്ലാത്ത ശരീര ഘടനയാണെന്നും പറ്റിയ ജോഡിയല്ലെന്നും പറഞ്ഞ് ഭർത്താവിന്റെ മൂത്ത സഹോദരന്റെ ഭാര്യ പരിഹസിച്ചിരുന്നു.അനുജന് സുന്ദരിയായ മറ്റൊരാളെ കിട്ടുമായിരുന്നുവെന്നും ആക്ഷേപിച്ചു. മാത്രമല്ല, യുവതിയുടെ എം.ബി.ബി.എസ് സർട്ടിഫിക്കറ്റിനെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയും കൈവശപ്പെടുത്തി പരിശോധിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് പറഞ്ഞും കളിയാക്കി. പരിഹാസവും മറ്റും കൂടിയതോടെ 2022ൽ ഭർതൃവീട്ടിൽ നിന്ന് യുവതി താമസം മാറുകയും പൊലിസിൽ പരാതി നൽകുകയും ചെയ്തു. ഭർത്താവും ഭർതൃപിതാവും കേസിൽ ഒന്നും രണ്ടും പ്രതികളും ഹരജിക്കാരി മൂന്നാം പ്രതിയുമാണ്. തനിക്ക് പരാതിക്കാരിയുമായി രക്തബന്ധമില്ലാത്തതിനാൽ, ഗാർഹികപീഡന നിയമത്തിൽ പറയുന്ന ബന്ധു എന്ന നിർവചനത്തിൽ വരില്ലെന്നായിരുന്നു ഹരജിക്കാരിയുടെ വാദം. ബോഡി ഷെയിമിംഗിനെ സ്ത്രീകളോടുള്ള ക്രൂരതയായി കാണാനാകില്ലെന്നും വാദിച്ചു.
എന്നാൽ,ഗാർഹിക പീഡന നിരോധന നിയമത്തിൽ ഭർതൃവീട്ടിലെ താമസക്കാരെല്ലാം ബന്ധുവിന്‍റെ പരിധിയിൽ വരുമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതായി കോടതി ചൂണ്ടിക്കാട്ടി. ബോഡി ഷെയിമിംഗും യോഗ്യത സംശയിച്ച് സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതും വ്യക്തിയുടെ ശാരീരിക, മാനസിക ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.അതിനാൽ, യുവതിയുടെ പരാതിയിൽ ഗാർഹികപീഡനക്കേസ് നിലനിൽക്കുമെന്ന് വിലയിരുത്തിയ കോടതി കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ നടപടികൾ തുടരാമെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *