കൊച്ചി: മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ പ്രസ്താവന പ്രകോപനപരവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണന്ന് കേരള വഖഫ് പ്രൊട്ടക്ഷൻ കൗൺസിൽ പ്രസ്താവനയിൽ വ്യക്തമാക്കി.ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാക്കളും ഇരട്ട റോളുകൾ എടുക്കേണ്ടതില്ല.നിയമം പറയാൻ കോടതിയും വിശ്വാസ കാര്യങ്ങൾ പറയാൻ മതപണ്ഡിതന്മാരുമുണ്ട്.നിലവിൽ രാഷ്ട്രീയ നേതാക്കളായ വി.ഡി സതീശനും, അൻവർ സാദത്ത് എം.എൽ.എയും മുൻ കോൺഗ്രസ് നേതാവും മുനമ്പം വഖഫ് ഭൂമി ചതിയിലൂടെ അനധികൃതമായി വിൽപ്പന നടത്തുകയും ചെയ്ത അഡ്വ.എം.വി പോളിനെയും രക്ഷിച്ചെടുക്കാൻ വലിയ ഖാളിമാരാവേണ്ടതില്ലന്നും കൗൺസിൽ യോഗം വ്യക്തമാക്കി.
മുനമ്പത്തെ ഭൂമി 1950ൽ ഫറൂഖ് കോളജിന് ആധാരം ചെയ്ത് നൽകുമ്പോൾ അവിടെ താമസക്കാർ ആരും ഉണ്ടായിരുന്നില്ലന്നുള്ളതിന് വിവിധ കോടതി ഉത്തരവുകൾ പോലും തെളിവാണ്.1955കൾ മുതലാണ് ഇവിടെ കൈയേറ്റം ആരംഭിച്ചതെന്നും 1962 ലെ പറവൂർ കോടതി മുതൽ 1975ലെ ഹൈക്കോടതി ഉത്തരവുകൾ വരെ സാക്ഷ്യപ്പെടുത്തുന്നു.
ഫറൂഖ് കോളജിന് വിൽപ്പന നടത്താൻ അധികാരമില്ലാത്ത വഖഫ് ഭൂമി അനധികൃതമായി വിൽപ്പന നടത്തിയതിന് കോളജ് മാനേജ്മെൻ്റിനെതിരേ ഭൂമി നൽകിയ ഉടമയുടെ അനന്തരവകാശികളും, സംസ്ഥാന വഖഫ് ബോർഡും നൽകിയ കേസുകളും കോടതിയുടെ പരിഗണനയിലാണ്. ഈ ഘട്ടത്തിൽ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി സമൂഹത്തിൽ സ്പർദയുണ്ടാക്കും വിധമുള്ള പ്രസ്താവനകൾ നടത്തുന്നത് ഖേദകരമാണന്നും കൗൺസിൽ കുറ്റപ്പെടുത്തി. മുനമ്പത്ത് മാത്രമല്ല, രാജ്യത്ത് വിവിധയിടങ്ങളിൽ, മുസ്ലിം വ്യക്തികളുടെ സ്വകാര്യ ആവശ്യങ്ങൾക്ക് പോലും വഖഫ് സ്വത്ത് കൈയേറിയിട്ടുണ്ട്.ഇത് കണ്ടെത്താനും സമൂഹത്തിലെ അധ:സ്ഥിതിക വിഭാഗങ്ങൾക്ക് പൊതുവായി ഉപകാരപ്പെടും വിധത്തിൽ നിയമനടപടികളിലൂടെ തിരിച്ചു പിടിക്കുമെന്നും കൗൺസിൽ വ്യക്തമാക്കി. യോഗത്തിൽ പ്രസിഡൻ്റ് അഹമ്മദ് ഷരീഫ് പുത്തൻപുരയിൽ, അംഗങ്ങളായ അഡ്വ.എം.എം അലിയാർ മുവാറ്റുപുഴ, സജിത്ത് ബാബു, അഡ്വ.ഹാഷിം അഡ്വ.എ.ഇ അലിയാർ, ടി.എ മുജീബ്, സുന്നാജാൻ, ടി.എ സിയാദ് തുടങ്ങിയവർ പങ്കെടുത്തു.