കൊച്ചി:അന്തരിച്ച സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ വിട്ടു നല്‍കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനായില്ല.മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടു നല്‍കണമെന്നായിരുന്നു ലോറന്‍സിന്റെ ആഗ്രഹമെന്ന മകന്റെ വാദം അംഗീകരിച്ച ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് പെണ്‍മക്കളായ ആശയും സുജാതയും അപ്പീല്‍ ഹരജി നല്‍കിയ സാഹചര്യത്തില്‍ ഡിവിഷന്‍ബെഞ്ച് നിര്‍ദേശ പ്രകാരം അഭിഭാഷകന്റെ സാന്നിധ്യത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയാണ് ഫലം കാണാതിരുന്നത്. ഇരുകൂട്ടരും വിട്ടുവീഴ്ചക്ക് തയാറാല്ലെന്ന് മധ്യസ്ഥ ചര്‍ച്ചക്ക് നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ഇതേ തുടര്‍ന്ന് ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് മാറ്റി.
മകന്‍ എം.എല്‍. സജീവന്റെ നിലപാടിന് വിരുദ്ധമായി മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കണമെന്ന ആഗ്രഹമാണ് മറ്റ് മക്കളായ സുജാതയും ആശയും ഡിവിഷന്‍ബെഞ്ചിനെ അറിയിച്ചത്. ഈ തര്‍ക്കം സിവില്‍ കോടതി മുഖേനയോ മധ്യസ്ഥ ചര്‍ച്ചയിലൂടെയോ ആണ് പരിഹരിക്കേണ്ടതെന്ന് വിലയിരുത്തിയാണ് കോടതി മധ്യസ്ഥതക്ക് വിട്ടത്.