ശബരിമല തീർഥാടകർക്കുള്ള ബസ് കത്തിനശിച്ച സംഭവത്തിൽ ഹൈക്കോടതി കെ.എസ്.ആർ.ടി.സിയോട് റിപ്പോർട്ട് തേടി

കൊച്ചി:ബസ് കത്തിനശിച്ച സംഭവത്തിൽ ഹൈക്കോടതി കെ.എസ്.ആർ.ടി.സിയോട് റിപ്പോർട്ട് തേടി.ശബരിമല തീർഥാടകർക്ക് യാത്ര ചെയ്യാൻ കൊണ്ടുവന്ന ബസാണ് കത്തിയത്. 17ന് പമ്പ -നിലക്കൽ പാതയിലെ ചാലക്കയത്തിന് സമീപം യാത്രക്കാരില്ലാതിരുന്ന സമയത്ത് ബസ് കത്തിയ സംഭവത്തിൽ ചൊവ്വാഴ്ച റിപ്പോർട്ട് സമർപ്പിക്കാനാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ നിർദേശം.
ഷോർട് സർക്യൂട്ട് മൂലം ബോണറ്റിന് സമീപമുണ്ടായ തീപ്പൊരിയാണ് പടർന്നതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായി കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. ഫൊറൻസിക് പരിശോധനയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും വ്യക്തമാക്കി. ബസിന്‍റെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റിന് 2025 വരെ കാലാവധിയുണ്ടെന്നും എട്ടുവർഷവും രണ്ടുമാസവും മാത്രമാണ് ബസിന് പഴക്കമുള്ളതെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. തുടർന്നാണ് റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചത്.
അതേദിവസം തമിഴ്നാട് തീർഥാടകരുമായി അപകടത്തിൽപ്പെട്ട സ്വകാര്യ വാഹനത്തിൽ എൽ.ഇ.ഡി ലൈറ്റുകളടക്കം അനധികൃതമായി ഘടിപ്പിച്ചിട്ടുണ്ടെന്ന് വീഡിയോ പരിശോധിച്ച ശേഷം ദേവസ്വം ബെഞ്ച് പറഞ്ഞു. ശബരിമല സേഫ് സോൺ പദ്ധതി പ്രകാരം 2022ൽ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ട്രാൻസ്പോർട്ട് കമീഷണ‌ർ ഉറപ്പാക്കുകയും എല്ലാ എൻഫോഴ്സ്മെന്റ് ഓഫീസർമാർക്കും നിർദേശം നൽകുകയും വേണമെന്ന് കോടതി നിർദേശിച്ചു.
ശബരിമല സന്നിധാനം, തീർഥാടന പാത, നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ ശുചിത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്താൻ തുടർച്ചയായ പരിശോധന വേണമെന്ന് ദേവസ്വം വിജിലൻസ് വിഭാഗത്തിനും എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാർക്കും നിർദ്ദേശം നൽകി. സന്നിധാനത്തടക്കം ശുചീകരണം കാര്യക്ഷമമാണെന്ന് സർക്കാറും തിരുവിതാംകൂർ ദേവസ്വം ബോർഡും അറിയിച്ചു.
വിശുദ്ധിസേന, പവിത്രം വളന്റിയർമാരെ 24 മണിക്കൂറും വിന്യസിച്ചിട്ടുണ്ട്. ടോയ്‌ലറ്റുകളെല്ലാം പ്രവർത്തനക്ഷമമാണ്. അന്നദാനവും ചുക്കുവെള്ള, ബിസ്ക്കറ്റ് വിതരണവും മുടക്കമില്ലാതെ തുടരുന്നു. പ്രായമേറിയവർക്കും അംഗപരിമിതർക്കും കുട്ടികൾക്കുമായി പ്രത്യേക ക്യൂ ഒരുക്കിയിട്ടുണ്ട്. ദർശനത്തിനുള്ള വരി വലിയ നടപ്പന്തൽ കവിയാതെ ശ്രദ്ധിക്കുന്നുണ്ട്. പതിനെട്ടാം പടിയിൽ പരിശീലനം സിദ്ധിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഓരോ 15 മിനിട്ടിലും മാറിമാറി നിയോഗിക്കുന്നുണ്ട്. ലഹരി പരിശോധനക്ക് താൽക്കാലിക എക്സൈസ് ഓഫീസുകളും ചെക്പോസ്റ്റുകളും സ്ഥാപിച്ചു. എല്ലാ പാർക്കിംഗ് ഏരിയകളിലും ഒരാഴ്ചക്കകം ഫാസ്ടാഗ് കൗണ്ടർ സൗകര്യമൊരുക്കും. റോഡരികിലെ പാർക്കിംഗ് തടഞ്ഞിട്ടുണ്ട്. ഇടത്താവളങ്ങളിൽ തീർഥാടകർക്കുള്ള സേവനങ്ങൾ അതാത് ദേവസ്വങ്ങൾ ഉറപ്പാക്കുന്നുണ്ട്. ഇലവുങ്കൽ ഭാഗത്ത് തെരുവു വിളക്കുകളുടെ കുറവ് പരിഹരിക്കുമെന്നും അധികൃതർ കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *