കൊച്ചി: കൊടകര കവർച്ചക്കേസുമായി ബന്ധപ്പെട്ട ഇടപാടിലെ കളളപ്പണം സംബന്ധിച്ച് ഇ.ഡി, ആദായ നികുതി അന്വേഷണത്തിന്‍റെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി. കുഴൽപ്പണ കവർച്ചാക്കേസിലെ 51-ാം സാക്ഷി സന്തോഷ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ നിർദേശം. ഇ.ഡി, ആദായ നികുതി വകുപ്പ്, തെരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവർക്ക് നോട്ടീസ് ഉത്തരവായ കോടതി മൂന്നാഴചക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്ന് ബി.ജെ.പിക്ക് വേണ്ടി കേരളത്തിൽ എത്തിച്ചതായാണ് കേസ്. കേരളത്തിലേക്ക് കൊണ്ടുവന്ന 25 ലക്ഷം രൂപയും കാറും തൃശൂർ ജില്ലയിലെ കൊടകരയിൽ വച്ച് കൊള്ളയടിച്ചതിനെ തുടർന്ന് ഡ്രൈവറുടെ പരാതിയിൽ പൊലിസ് കേസെടുക്കുകയായിരുന്നു. ബി.ജെ.പി കർണാടകയിൽ നിന്നെത്തിച്ച കണക്കിൽ പെടാത്ത 3.5 കോടി രൂപ കൂടി കൊള്ളയടിച്ചതായി പൊലിസ് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഹരജിയിൽ പറയുന്നു. പണം കവർച്ച ചെയ്‌തതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ആദായനികുതി വകുപ്പും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഹരജിയിൽ പറയുന്നത്.
എന്നാൽ ഈ കൊടകര കേസിൽ 2023ൽ ഹവാല, കളളപ്പണ ഇടപാട് സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി ഹൈക്കോടതിൽ വന്ന മറ്റൊരു ഹരജി തീർപ്പാക്കിയ ഉത്തരവിലുള്ളതായി പറയുന്നുണ്ടെങ്കിലും അന്വേഷണത്തിൽ ഇതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇതുവരെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ഒരു പരാതിയും പ്രത്യേക കോടതിയിൽ നൽകുകയോ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ല. തന്‍റെ പക്കലുള്ള തെളിവുകളടക്കം വസ്തുതകൾ ഇ.ഡിക്കും ഇൻകം ടാക്സിനും മുമ്പാകെ ഹാജരാക്കാൻ തയാറാണെന്നും അന്വേഷണം പൂർത്തിയാക്കാൻ നിർദേശിക്കണമെന്നുമാണ് സന്തോഷ് നൽകിയ ഹരജിയിലെ ആവശ്യം.
കൊടകര കുഴൽപ്പണ കവർച്ചാ കേസുമായി ബന്ധപ്പെട്ട് ആദായ നികുതി അന്വേഷണത്തിന്‍റെ പുരോഗതി റിപ്പോർട്ട് ഇ.ഡി സമർപ്പിക്കണമെന്ന് ഹൈക്കോടതി
