വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാക്കുന്ന 2013ലെ നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല

keralawaqufboardnews

ഭുമി തിരിച്ചു പിടിക്കാമെങ്കിലും ഭേദഗതി വരും മുന്‍പ് കൈയേറിയവരുടെ പേരില്‍ നടപടി സാധ്യമല്ല

കൊച്ചി: വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാക്കുന്ന 2013ലെ വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി.തുടര്‍ന്ന് വഖഫ് ഭൂമി കൈവശം വച്ചുവെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.കോഴിക്കോട് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് കെ.സുകുമാരന്‍ മേരിക്കുന്ന് സബ്‌പോസ്റ്റ് മാസ്റ്റര്‍ കെ.പ്രേമ ഏന്നിവര്‍ക്കെതിരെ കോഴിക്കോട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിലനിന്നിരുന്ന കേസിലെ തുടര്‍നടപടികള്‍ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ റദ്ദാക്കിയത്.
2013ലെ വഖഫ് ആക്ട് ഭേദഗതി വരും മുന്‍പ് കൈയേറിയ ഭൂമിയുടെ പേരില്‍ വ്യക്തികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സാധ്യമല്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നടപടി.വഖഫ് ഭൂമിയിലെ അനധികൃത കൈയേറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി പ്രോസിക്യൂഷന് വിധേയമാക്കാന്‍ അനുമതി നല്‍കുന്ന 52(എ) വകുപ്പ് നിലവില്‍ വന്നത് 2013ലാണ.്‌വഖഫ് ആക്ട് പ്രകാരം അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാമെങ്കിലും 2013ന് മുന്‍പുള്ളവയുടെ കാര്യത്തില്‍ വ്യക്തികള്‍ക്കെതിരേ പ്രാസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
1995 ആക്ട് പ്രകാരം വഖഫ് ബോര്‍ഡ് നല്‍കിയ പരാതിയിലായിരുന്നു ഹരജിക്കാര്‍ക്കെതിരെ കേസെടുത്തത്.ഭൂമി വഖഫ് കൈയേറ്റമാണെന്ന വാദം അംഗീകരിച്ചാല്‍ പോലും തങ്ങള്‍ക്കെതിരെ വ്യക്തിപരമായ പ്രോസിക്യൂഷന്‍ നടപടി നിലനില്‍ക്കുന്നതല്ലെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.1999 ഒക്ടോബറിലാണ് ജെ.ഡി.റ്റി ഇസ്‌ലാം ഓര്‍ഫനേജ് കമ്മിറ്റിയില്‍ നിന്ന് ലീസിന് കിട്ടിയ സ്ഥലത്ത് പോസ്റ്റ് ഓഫിസ് നിര്‍മിച്ചത്.ലീസ് കാലാവധി തീരും മുന്‍േപ ഇവിടെ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കാന്‍ ജെ.ഡി.റ്റി കമ്മിറ്റി തീരുമാനിക്കുകയും പോസ്റ്റ് ഓഫിസിനായി മറ്റൊരു സ്ഥലം നല്‍കുകയും ചെയ്തു.പിന്നീട് ഈ സ്ഥലവും ഒഴിയാന്‍ നിര്‍ബന്ധിച്ചു.വഖഫ് നല്‍കിയ ഹരജിയില്‍ വഖഫ് ബോര്‍ഡിന് അനുകൂലമായ നടപടിയുണ്ടായി.തുടര്‍ന്ന് ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കി.വീണ്ടും പരാതിയുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷനടക്കം നടപടിയുമായി മുന്നോട്ട് പോയി.ഇതേ തുടര്‍ന്നാണ് ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.തുടര്‍ന്നാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജിക്കാര്‍ക്കെതിരായ കേസിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *