കൊച്ചി:പി.വി അന്‍വര്‍ എം.എല്‍.എക്കെതിരായ പണം തട്ടിയ കേസ് സിവില്‍ സ്വഭാവത്തിലുള്ളതാണെന്ന റിപ്പോര്‍ട്ട് സ്വീകരിച്ച മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരായ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.പി.വി അന്‍വര്‍ ക്രഷര്‍ യൂനിറ്റില്‍ പാര്‍ട്ണര്‍ഷിപ്പ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെന്നാണ് കേസ്.കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മഞ്ചേരി സി.ജെ.എം കോടതി സ്വീകരിച്ചതിനെതിരെ പരാതിക്കാരനായ മലപ്പുറം സ്വദേശി നടുത്തൊടി സലീം നല്‍കിയ ഹരജിയില്‍ വാദം പൂര്‍ത്തിയാക്കിയാണ് ജസ്റ്റിസ് കെ.ബാബു വിധി പറയാന്‍ മാറ്റിയത്.
ഈ മാസം 19ന് കോടതി വിധി പറഞ്ഞേക്കും.മംഗലാപുരം ബല്‍ത്തങ്ങാടിയിലെ അഞ്ചു കോടി രൂപ വരുന്ന കെ.ഇ സ്റ്റോണ്‍ ക്രഷറും മെഷീനുകളും വാഹനങ്ങളും തന്റെ ഉടമസ്ഥതയിലുള്ളതാണെന്നും പാര്‍ട്ണര്‍ഷിപ്പ് നല്‍കാമെന്നും പി.വി അന്‍വര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് 2012 ഫെബ്രുവരി 17ന് 50 ലക്ഷം രൂപ നല്‍കി പാര്‍ട്ണര്‍ഷിപ്പ് കരാറിലേര്‍പ്പെട്ടതായി ഹരജിയില്‍ പറയുന്നു.പ്രതിമാസം 50,000 രൂപ നല്‍കാമെന്നും വ്യവസ്ഥയുണ്ടായിരുന്നു.എന്നാല്‍ ഇതു പാലിക്കാതിരുന്നതിനെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി.പരാതി സിവില്‍ സ്വഭാവത്തിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കി.ഇതു തള്ളിയ കോടതി തുടരന്വേഷണം നടത്താന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് വീണ്ടും ഇതേ റിപ്പോര്‍ട്ട് തന്നെ നല്‍കിയത് കോടതി സ്വീകരിച്ചതിന് എതിരെയാണ് ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
പി.വി അന്‍വറിനെതിരായ കേസിലെ മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരായ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി
