അച്ചടക്കത്തിന്‍റേയും പഠനത്തിന്‍റേയും ഭാഗമായി നൽകുന്ന നിർദേശങ്ങളേയും ശിക്ഷകളേയും അധ്യാപകരെ തുറുങ്കിലാക്കാനുള്ള ക്രിമിനൽ കേസിനുള്ള അവസരമായി കുട്ടികൾ മാറ്റുന്നുണ്ട്.
കൊച്ചി: ക്രിമിനൽ കേസും ജയിലും ഭയന്ന് കുട്ടികൾക്ക് ക്ലാസെടുക്കേണ്ട സ്ഥിതിയിലാണ് അധ്യാപകരെന്ന് ഹൈകോടതി. എന്ത് ചെയ്യണം, ചെയ്യേണ്ട എന്ന ഭയമാണ്. അച്ചടക്കത്തിന്‍റേയും പഠനത്തിന്‍റേയും ഭാഗമായി നൽകുന്ന നിർദേശങ്ങളേയും ശിക്ഷകളേയും അധ്യാപകരെ തുറുങ്കിലാക്കാനുള്ള ക്രിമിനൽ കേസിനുള്ള അവസരമായി കുട്ടികൾ മാറ്റുന്നുണ്ട്.
അധ്യാപകരെ ബഹുമാനിക്കാനിക്കാത്ത ദുസ്വഭാവം ചില കുട്ടികൾ സ്ഥിരമായി പുലർത്തുന്നു. ഇത് വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ സുഗമമായ പ്രവർത്തനത്തിന് ഭീഷണിയാണെന്ന് മാത്രമല്ല, അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതേ നില തുടരുകയാണെങ്കിൽ അച്ചടക്കമുള്ള പുതിയ തലമുറയെ എങ്ങിനെ വാർത്തെടുക്കാനാവുമെന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. ഏഴാം ക്ലാസ് വിദ്യാർഥിയെ ശിക്ഷിച്ചെന്ന പേരിൽ അധ്യാപികക്കെതിരെയെടുത്ത കേസിലെ തുടർ നപടികൾ റദ്ദാക്കിയാണ് സിംഗിൾബെഞ്ചിന്‍റെ നിരീക്ഷണം.ദക്ഷിണയായി ഗുരു ചോദിച്ച പെരുവിരൽ മടിയില്ലാതെ മുറിച്ചു നൽകിയ ഏകലവ്യന്‍റെ കാലമുണ്ടായിരുന്നു.
എന്നാൽ സാങ്കേതിക വിദ്യ പുരോഗമിച്ചപ്പോൾ അധ്യാപക- വിദ്യാർഥി ബന്ധം കീഴ്മേൽ മറിഞ്ഞതായി കോടതി പറഞ്ഞു. ഡെസ്കിൽ കാല് കയറ്റിവെച്ച് ക്ലാസിലിരുന്നത് ചോദ്യം ചെയ്ത അധ്യാപികയെ വിദ്യാർഥി അസഭ്യം പറഞ്ഞതിനെ തുടർന്ന് വടിയെടുത്ത് അടിച്ചിരുന്നു. എന്നാൽ, അടിച്ചു പരിക്കേൽപ്പിച്ചെന്ന പേരിൽ കൊടുത്ത പരാതിയിൽ വാടാനപ്പള്ളി പൊലീസ് കേസെടുത്തു. ഇപ്പോൾ തൃശൂർ അഡീ. സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അധ്യാപിക കോടതിയെ സമീപിക്കുകയായിരുന്നു.