ഹേമ കമ്മിറ്റി ശിപാർശ: സ്ത്രീ കാഴ്ചപ്പാടിന് മുൻഗണന നൽകിയുള്ളനിയമ നിർമാണം വേണമെന്ന് ഹൈക്കോടതി

ഹരജി വീണ്ടും 21ന് പരിഗണിക്കാനായി മാറ്റി.

കൊച്ചി: ഹേമ കമ്മിറ്റി ശിപാർശയുടെ അടിസ്ഥാനത്തിൽ നടത്തുന്ന നിയമ നിർമാണം സ്ത്രീ കാഴ്ചപ്പാടിന് മുൻഗണന നൽകിയുള്ളതാവണമെന്ന് ഹൈകോടതി. സിനിമയുൾപ്പെടെ വിനോദ വ്യവസായ മേഖലയിൽ നിയമനിർമാണവുമായി ബന്ധപ്പെട്ട് നൽകുന്ന വിവരങ്ങൾ ക്രോഡീകരിച്ച് നൽകുന്നതടക്കം കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിയെയും ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിയോഗിച്ചു. നിർദേശങ്ങൾ നൽകാൻ താൽപര്യമുള്ളവർ അവ അമിക്കസ്ക്യൂറിയെ ഏൽപ്പിക്കണം. ലഭിക്കുന്ന വിവരങ്ങൾ സർക്കാറിന് കൈമാറുമെന്നറിയിച്ച കോടതി ഹരജി വീണ്ടും 21 ന് പരിഗണിക്കാനായി മാറ്റി.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതുവരെ 26 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തെന്നും ഇവയിൽ 18 എണ്ണത്തിൽ മൊഴി രേഖപ്പെടുത്താൻ അതിജീവിതർ സമയം തേടിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ചില അതിജീവിതകൾ അഭിഭാഷകർ മുഖേന പ്രത്യേക അന്വേഷണ സംഘത്തെ വിവരം അറിയിച്ചിട്ടുണ്ട്. എന്നാൽ, എട്ടെണ്ണത്തിൽ അഞ്ച് അതിജീവിതർ നടപടികളുമായി മുന്നോട്ടുപോകാൻ വിസമ്മതിച്ചു. അതിനാൽ, മറ്റു തെളിവുകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. മൂന്നു കേസുകളിൽ മൊഴി തങ്ങളുടേതല്ലെന്ന് അറിയിച്ചതിനെ തുടർന്ന് യഥാർഥ അതിജീവിതരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അഡ്വക്കറ്റ് ജനറൽ അറിയിച്ചു. മറ്റ് വിഷയങ്ങളിൽ മറുപടി നൽകാൻ സർക്കാർ സമയം തേടി.

വനിത ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ വുമൺ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി.സി) കരട് നിയമമുണ്ടാക്കിയിട്ടുള്ളതായി കോടതിയെ അറിയിച്ചു. സിനിമ മേഖലയെ നിയന്ത്രിക്കാൻ പ്രത്യേക നിയമം കൊണ്ടു വരുന്നത് വിനോദ മേഖലയെ ബാധിക്കുമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തിവിടുന്നന്നതിനെ എതിർത്ത് ഹരജി നൽകിയ നിർമാതാവ് സജിമോൻ പാറയിലിന്റെ അഭിഭാഷകൻ പറഞ്ഞെങ്കിലും ആശങ്കയുടെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇപ്പോൾ നടക്കുന്ന പ്രാഥമികാന്വേഷണം എഫ്.ഐ.ആറിന്‍റെ അടിസ്ഥാനത്തിൽ വേണമെന്നായിരുന്നു ഹരജിക്കാരനായ മുൻ എം.എൽ.എ ജോസഫ് എം.പുതുശേരിയുടെ വാദം. എന്നാൽ, നിലവിൽ ഇടപെടേണ്ടതോ എന്തെങ്കിലും നിർദേശങ്ങൾ നൽകേണ്ടതോ ആയ സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണം തുടരാൻ അനുമതി നൽകി.


Leave a Reply

Your email address will not be published. Required fields are marked *