കക്കൂസ് മാലിന്യം തള്ളുന്നവർക്ക് വൻ കുടുക്കിട്ട് ഹൈക്കോടതി; ലക്ഷങ്ങൾ ബോണ്ടായി കെട്ടിവെയ്ക്കാതെ ഊരിപ്പോകാനാവില്ല

malinyam

കൊച്ചി: ശുദ്ധ ജലസ്രോതസിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറി രണ്ട് ലക്ഷം രൂപയുടെ ബാങ്ക് ഗാരണ്ടിയെന്ന കടുത്ത ഉപാധിയടക്കം ചുമത്തി വിട്ടു നൽകാൻ ഹൈകോടതി ഉത്തരവ്. നിസാര ഉപാധികളുടെ അടിസ്ഥാനത്തിൽ ഇത്തരം വാഹനങ്ങൾ വിട്ടു നൽകിയാൽ വീണ്ടും ഇതേ വാഹനം സമാന കുറ്റം ആവർത്തിക്കാനിടിയുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്. കഴിഞ്ഞ മാർച്ച് 18ന് കുന്നംകുളം പൊലീസിന്‍റെ പിടിയിലായ വാഹനം താൽക്കാലികമായി വിട്ടു നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയതിനെതിരെ വാഹന ഉടമ തൃശൂർ കട്ടാക്കാമ്പൽ സ്വദേശി എം.എ. സുഹൈൽ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
കോടതി ഉത്തരവില്ലാതെ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ വാഹനങ്ങൾ വിട്ടു നൽകരുതെന്ന ഡിവിഷൻബെഞ്ച് ഉത്തരവ് നിലവിലുണ്ട്. കണ്ടുകെട്ടൽ അടക്കം ഉൾപ്പെടുത്തി ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന നിയമത്തിലും ഭേദഗതി കൊണ്ടു വന്നു. എന്നിട്ടും പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്ന നിന്ദ്യവും നീചവുമായ പ്രവൃത്തി ചിലരുടെ സാമ്പത്തിക താൽപര്യം മുൻനിർത്തി തുടരുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കൂടുതൽ കടുപ്പമേറിയ നിബന്ധനകൾ അനിവാര്യമാണെന്ന് ഇക്കാര്യം വ്യക്തമാക്കുന്ന ചില കോടതി ഉത്തരവുകൾ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയ സിംഗിൾബെഞ്ച് രണ്ട് ലക്ഷം രൂപ ബാങ്ക് ഗാരണ്ടിയടക്കം ഉപാധികളോടെ വാഹനം വിട്ടയക്കാൻ നിർദേശിക്കുകയായിരുന്നു.
ഇതിന് പുറമെ ഒരു ലക്ഷം രൂപയുടെ സ്വന്തവും തതുല്യ തുകക്കുള്ള രണ്ട് ജാമ്യക്കാരുടേയും ബോണ്ട് കെട്ടിവെക്കണം. ആവശ്യപ്പെടുമ്പോൾ വാഹനം ഹാജരാക്കാമെന്നും കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കില്ലെന്നും മജിസ്ട്രേറ്റ് കോടതി മുമ്പാകെ സത്യവാങ്മൂലം നൽകണം. വിചാരണ നടപടികൾ തീരും വരെ വാഹനം മറ്റെങ്ങോട്ടെങ്കിലും നീക്കുകയോ വാടകക്ക് നൽകുകയോ വിൽക്കുകയോ ചെയ്യരുത്. കണ്ടുകെട്ടൽ നടപടി നടക്കുന്നുണ്ടെങ്കിൽ ഹരജിക്കാരൻ അതുമായി സഹകരിക്കണം. സമാന കുറ്റകൃത്യം ആവർത്തിച്ചാൽ പൊലീസിന് വാഹനം വീണ്ടും പിടിച്ചെടുക്കാമെന്നും ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *