മാധ്യമങ്ങൾക്കെതിരേ അപകീർത്തി കേസ്: വസ്തുതകൾ ഉറപ്പുവരുത്തിയില്ലെങ്കിൽ ജനാധിപത്യത്തിന് പകരം ജനക്കൂട്ടത്തിന്റെ ആധിപത്യമാവും വരികയെന്ന് ഹൈക്കോടതി

pressfreedom

കൊച്ചി: അപകീർത്തി കേസെടുക്കുമ്പോൾ മതിയായ വസ്തുതകളുണ്ടെന്നു വിചാരണക്കോടതികൾ ഉറപ്പുവരുത്തണമെന്നും അല്ലെങ്കിൽ മാധ്യമ സ്വാതന്ത്ര്യവും അറിയാനുള്ള ജനങ്ങളുടെ അവകാശവും ഹനിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഹൈക്കോടതി. അതിനാൽ ജില്ലാ കോടതികൾ അതീവ ജാഗ്രത പുലർത്തണം. കുറ്റവുമായി ബന്ധപ്പെട്ട കൃത്യമായ വസ്തുതകളുണ്ടെന്ന് ഉറപ്പാക്കിയതിനുശേഷം മാത്രമേ പത്രങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ കോടതി നടപടികൾ സ്വീകരിക്കാവൂ. മാധ്യമ സ്വാതന്ത്ര്യത്തിനുള്ള പ്രതിബന്ധം ജനാധിപത്യത്തിലേക്കല്ല, ജനക്കൂട്ടത്തിന്റെ ആധിപത്യത്തിലേക്കേ നയിക്കുകയുള്ളൂയെന്നും ജസ്റ്റിസ് എ.ബദറുദ്ദീൻ പറഞ്ഞു. ഉത്തരവിന്റെ പകർപ്പ് ജില്ലാ കോടതികൾക്ക് അയയ്ക്കാനും ഹൈക്കോടതി റജിസ്ട്രിക്കു നിർദേശം നൽകി.
അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചു മലയാള മനോരമ ദിനപത്രത്തിനെതിരെയുള്ള പരാതിയും ആലുവ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെ തുടർനടപടികളും റദ്ദാക്കിയ ഉത്തരവിലാണു ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. മനോരമ നൽകിയ ഹർജിയാണു പരിഗണിച്ചത്.കൃത്യമായി റിപ്പോർട്ട് ചെയ്ത വാർത്ത, മതിയായ തെളിവില്ലാതെ അപകീർത്തികരമാണെന്നു പറയുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനു തടസ്സമാണെന്നും കോടതി പറഞ്ഞു. പത്രങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ അനാവശ്യമായ അപകീർത്തിക്കേസുകൾ വളരെയേറെയാണ്. ഹൈക്കോടതിയിലും ഒട്ടേറെ കേസുകളുണ്ട്. ജനങ്ങൾക്ക് അറിയാൻ ആഗ്രഹമുള്ള ഒട്ടേറെ വാർത്തകൾ പത്രങ്ങളിലുണ്ട്. വാർത്ത നൽകാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും വാർത്തകൾ അറിയാനുള്ള ജനങ്ങളുടെ അവകാശവും ജനാധിപത്യ രാജ്യത്ത് കൈകോർത്ത് പോകേണ്ടതാണ്. എന്നാൽ ഇക്കാര്യത്തിൽ നിയമപരമായ നിയന്ത്രണങ്ങളുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ആലുവ അദ്വൈതാശ്രമം വളപ്പിലേക്കു മാലിന്യം കോരിയിട്ടതുമായി ബന്ധപ്പെട്ടു 2017 ഫെബ്രുവരി 20 നു മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്ത അപകീർത്തികരമാണെന്ന് ആരോപിച്ചു മുനിസിപ്പൽ കൗൺസിലർ കെ.വി.സരളയാണു പരാതി നൽകിയത്. എന്നാൽ പരാതിക്കാരിയുടെ സത്കീർത്തിയെ ബാധിക്കുമെന്ന അറിവോ, ഉദ്ദേശ്യമോ, കാരണമോ പത്രത്തിന്റെ എഡിറ്റർക്കും പബ്ലിഷർക്കും ഉണ്ടെന്ന് ഏതുരീതിയിൽ ചിന്തിച്ചാലും കരുതാനാവില്ലെന്നു വിലയിരുത്തിയാണു ഹൈക്കോടതി നടപടികൾ റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *