വടകരയിലെ കാഫിർ സ്ക്രീൻഷോട്ട്: ഹൈകോടതിയിൽ കേസ് ഡയറി ഹാജരാക്കാൻ കൂടുതൽ സമയം തേടി പൊലീസ്

KAFIR SCREENSHOT

കൊച്ചി: വടകര ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ കാഫിർ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാൻ പൊലീസ് ഹൈകോടതിയിൽ കൂടുതൽ സമയം തേടി. കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ വടകര പോലീസ് ഇൻസ്പെക്ടർക്ക് നേരത്തെ കോടതി നിർദേശം നൽകിയിരുന്നെങ്കിലും തിങ്കളാഴ്ച കേസ് പരിഗണിക്കവേ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ കൂടുതൽ സമയം ആവശ്യമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തുടർന്ന് ഹരജി വീണ്ടും 21ന് പരിഗണിക്കാനായി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് മാറ്റി.
വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച സംഭവത്തിൽ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് എം.എസ്.എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിം നൽകിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. തന്റെ പരാതിയിൽ കേസെടുക്കാതെ തന്നെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു എന്നതടക്കമുള്ള ആരോപണമാണ് ഹരജിയിൽ ഉന്നയിച്ചിരിക്കുന്നത്. കേസിലെ യഥാർഥ പ്രതികളെ കണ്ടെത്തുന്നതിൽ വടകര പോലീസ് അലംഭാവം കാണിക്കുകയാണെന്നാണ് ഹരജിക്കാരന്‍റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *