കൊച്ചി:ഒരു സിനിമ എന്നത് വര്‍ഷങ്ങളോളം സംവിധായകനും അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും കൂടിയ ഒരു ടീമിന്റെ സ്വപ്നവും അധ്വാനവും ആണ്.ആ സിനിമ റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം സിനിമ പോലും കാണാന്‍ നില്‍ക്കാതെ സിനിമക്കെതിരെ ഓണ്‍ലൈന്‍ പ്ലാറ്റഫോമുകളിലും സോഷ്യല്‍ മീഡിയയിലും നെഗറ്റീവ് റിവ്യൂകള്‍ പ്രചരിപ്പിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരണം എന്നാവശ്യപ്പെട്ട് ഈ മാസം 6ന് റിലീസ് ചെയ്യാന്‍ പോകുന്ന സിനിമ ‘ആരോമലിന്റെ ആദ്യത്തെ പ്രണയ’ത്തിന്റെ സംവിധായകന്‍ മുബീന്‍ റൗഫ് ഹൈക്കോടതിയെ സമീപിച്ചു.
ചലച്ചിത്ര നിരൂപണം എന്നത് ഏറെ വിശ്വാസ്യവും ഏറെ അംഗീകാരമുള്ളതുമായ ഒരു മേഖലയായിരുന്നുന്നുവെങ്കില്‍ ഇന്ന് ഒരു സ്മാര്‍ട്ട് ഫോണ്‍ ഉള്ള ആര്‍ക്കും സിനിമയെന്ന കലാസൃഷ്ടിയെ കരിവാരി തേക്കാന്‍ നെഗറ്റീവ് റിവ്യൂ ചെയ്യാന്‍ കഴിയും എന്ന അവസ്ഥ മാറണമെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.കഴിഞ്ഞ കാലഘട്ടങ്ങളില്‍ നിരവധി മലയാള സിനിമകള്‍ക്ക് ഇത്തരത്തിലുള്ള ദുരനുഭവമുണ്ടായി.പക്ഷെ ഓ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ഇവയെല്ലാം മികച്ച പ്രേക്ഷക പ്രതികരണം സൃഷ്ടിച്ചു.തമിഴ് ഫിലിം പ്രൊഡ്യൂസേര്‍സ് കൗണ്‍സില്‍ സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ നെഗറ്റീവ് റിവ്യൂ ചെയ്യരുത് എന്നാവശ്യപ്പെട്ട് മുന്നോട്ടു വന്നിട്ടുണ്ട്.
സിനിമ റിലീസ് ചെയ്യുമ്പോള്‍ തന്നെ തീയേറ്ററുകള്‍ കേന്ദ്രീകരിച്ച് സിനിമ കാണുക പോലും ചെയ്യാതെ നെഗറ്റീവ് റിവ്യൂകള്‍ ചെയ്യുന്നതും സിനിമ റിലീസിന് മുന്‍പ് സിനിമ പ്രൊഡ്യൂസറെയും പിന്നണി പ്രവര്‍ത്തരെയും വിളിച്ച് ഭീഷണിപ്പെടുത്തി നെഗറ്റീവ് റിവ്യൂ ഇടാതിരിക്കാന്‍ പണമാവശ്യപ്പെടുന്ന സ്ഥിതിയാണ് ഇപ്പോള്‍ നിലവിലുള്ളത്.സിനിമ റിലീസ് ചെയ്യുമ്പോള്‍ ഓണ്‍ലൈന്‍ റിവ്യുവര്‍മാരുടെ ഭീഷണിക്ക് സിനിമ പ്രവര്‍ത്തകര്‍ വഴങ്ങേണ്ട സാഹചര്യവും നിലവിലുണ്ട്. അതിനാല്‍ സോഷ്യല്‍ മീഡിയകളിലെ സിനിമ റിവ്യൂവിന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൊണ്ട് വരികയും നിയന്ത്രണം നടപ്പിലാക്കുകയും ചെയ്യണമെന്ന് ഹരജിക്കാരന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടു.
സോഷ്യല്‍ മീഡിയകളിലൂടെയുള്ള സിനിമകളുടെ നെഗറ്റീവ് റിവ്യൂ: ‘ആരോമലിന്റെ ആദ്യത്തെ പ്രണയത്തിന്റെ’ സംവിധായകന്‍ മുബീന്‍ റൗഫ് ഹൈക്കോടതിയെ സമീപിച്ചു
