കൊച്ചി: റവന്യുവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും എന്‍.ഒ.സിയില്ലാതെ നടക്കുന്ന ഇടുക്കി ശാന്തന്‍പാറയിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന്റെ നിര്‍മാണം എത്രയും വേഗം നിര്‍ത്തിവെയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.കൂടാതെ അനുമതിയില്ലാതെ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടമുണ്ടെങ്കില്‍ ഒക്യൂപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും പഞ്ചായത്തിനും ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി.
ബൈസണ്‍വാലിയില്‍ നിര്‍മാണം ഏകദേശം പൂര്‍ത്തിയായി.എന്നാല്‍ ശാന്തന്‍പാറയിലെ മൂന്ന്‌നില കെട്ടിടം പണി ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്.ഇത് അടിയന്തിരമായി നിര്‍ത്തിവെയ്ക്കാനാണ് കോടതി ഉത്തരവ്.അധികൃതരുടെ എന്‍.ഒ.സിയില്ലാതെ നടക്കുന്ന ഓഫിസ് നിര്‍മാണം തടഞ്ഞ് വില്ലേജ് ഓഫിസര്‍ പുറപ്പെടുവിച്ച സ്റ്റോപ്പ് മെമ്മോ കര്‍ശനമായി നടപ്പാക്കണമെന്നാണ് ജില്ലാ കലക്ടര്‍ക്ക് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.നിര്‍മാണം തടയാന്‍ ആവശ്യമെങ്കില്‍ മതിയായ പൊലിസ് സംരക്ഷണം നല്‍കാന്‍ ഇടുക്കി ജില്ലാ പൊലിസ് മേധാവിക്കും കോടതി നിര്‍ദേശം നല്‍കി.
മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ സംബന്ധിച്ച ഹരജിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.സി.പി.എം ഓഫീസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചത് സംബന്ധിച്ച് ഹരജി വീണ്ടും പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാനും കോടതി നിര്‍ദേശിച്ചു.
